തൃശൂര്‍: കോവിഡ് 19 വൈറസ് ബാധ ഭേദമായ മൂന്നു പേര്‍ തൃശൂരില്‍ ആശുപത്രി വിട്ടു. ഫ്രാന്‍സില്‍നിന്ന് മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശികളും ദുബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുമാണ് ഉച്ചക്ക് ചികിത്സ പൂര്‍ത്തിയാക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയത്. ഇനി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും. ആശുപത്രി ജീവനക്കാര്‍ ഇവരെ യാത്രയാക്കി. ഇനി ആറ് പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്.
നേരത്തെ വയനാട് ജില്ല ആശുപത്രിയില്‍ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ വീടുകളിലേക്ക് മടങ്ങിയിരുന്നു. ദുബായില്‍ നിന്നെത്തിയവരായിരുന്നു ഇവര്‍. രണ്ട് സാമ്പിളുകളും നെഗറ്റീവായതോടെയാണ് ഇരുവരുടെയും ചികിത്സ അവസാനിപ്പിച്ചത്. ഇനിയുള്ള 28 ദിവസം ഇരുവരും വീട്ടു നിരീക്ഷണത്തില്‍ കഴിയും. ഉച്ചക്ക് 12 മണിയോടെ ജില്ല ആശുപത്രി പരിസരത്ത് ജീവനക്കാരും ഡോക്ടര്‍മാരും കളക്ടര്‍ ഡോ. അദീല അബ്ദുല്ലയും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ഇരുവരെയും യാത്രയാക്കിയത്.