തൃശൂര്‍ : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി അടഞ്ഞു കിടക്കുന്ന നഗരത്തിലെ മാര്‍ക്കറ്റുകള്‍ തുറക്കുന്നതിന്റെ ഭാഗമായി കൊവിഡ് പരിശോധനകളും അണു നശീകരണ പ്രവര്‍ത്തനവും ആരംഭിച്ചു. നാളെ മുതലാണ് നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറക്കാന്‍ മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയത്. മാര്‍ക്കറ്റുകള്‍ തുറക്കുന്നതിന് മുന്നോടിയായി രാവിലെ മുതല്‍ 500 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു .ശക്തന്‍ മാര്‍ക്കറ്റില്‍ ആണ് ടെസ്റ്റ്.
കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അതത് സ്ഥാപന ഉടമകള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തന്‍ മാര്‍ക്കറ്റ്, ജയഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ നഗരപരിധിയിലെ മാര്‍ക്കറ്റുകള്‍ ആണ് തുറക്കുന്നത് . ബാങ്കുകളുടെ പ്രവര്‍ത്തന സമയം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ നീട്ടിയിട്ടുണ്ട്.
ജില്ലയിലെ കുറി കമ്പിനികള്‍ക്ക് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണിവരെയും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടിയിരിക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനാല്‍ പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, സര്‍ണ്ണക്കട, ചെരുപ്പ് കട എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും പ്രവര്‍ത്തിക്കാം.
മാര്‍ക്കറ്റുകളില്‍ മൊത്ത വില്‍പന സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി മുതല്‍ രാവിലെ എട്ട് മണിവരെയും ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ , വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ചുമടെടുക്കാന്‍ എത്തുന്ന തൊഴിലാളികള്‍ എന്നിവര്‍ കൊവിഡ് മാനദണ്ഡ പ്രകാരം സ്വയം സാനിറ്റൈസ് ചെയ്യുന്നതിനും വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കരുതല്‍ സ്വീകരിക്കണം. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സാധാരണ ചെറിയ കടകളില്‍ രണ്ടുപേരും വലിയ സ്ഥാപനങ്ങളില്‍ ഉടമസ്ഥന്‍ അടക്കം മൂന്നുപേരും മാത്രമാണ് ഉണ്ടാകാന്‍ പാടുള്ളൂ. പുറമേ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക സംവിധാനം ഒരുക്കും.
മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കാം. മുമ്പ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ തുറന്നിരുന്ന മത്സ്യ, മാംസ വ്യാപാര സ്ഥാനങ്ങള്‍ക്ക് തിങ്കളാഴ്ചകൂടി ഇതേ സമയക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചാലും വഴിയോര കച്ചവടങ്ങള്‍ക്ക് അനുമതി ഉണ്ടിയിരിക്കുന്നതല്ല.