തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് സമീപം വന്‍ കവര്‍ച്ച നടന്നത്.
ആഭരണങ്ങള്‍ നിര്‍മ്മിച്ച് ജ്വല്ലറികള്‍ക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവര്‍ പറയുന്നത്. പാറശ്ശാല ഭാഗത്തുനിന്നാണ് കാര്‍ വന്നത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. മുന്നിലെ കാറിലെത്തിയവര്‍ കുറക്കോടുവെച്ച് സമ്പത്തിന്റെ കാര്‍ തടഞ്ഞു. കാര്‍ നിര്‍ത്തിയ ഉടന്‍ മുന്നിലും പിന്നിലുമായി വന്നവര്‍ ചാടിയിറങ്ങി വെട്ടുകത്തി വെച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു.
ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയില്‍ കൊടുക്കാന്‍ കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്. പോലീസ് അന്വേഷണമാരംഭിച്ചു.