തിരുവനന്തപുരം: മൂന്ന് ദിവസം പ്രായമായ നവജാതശിശുവിനെ മൂന്ന് ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തു. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് പ്രകാരമാണ് കേസ്. ഇവരെ ഇന്നലെ തമ്പാനൂർ പോലീസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. അടുത്ത ദിവസം രേഖകളുമായി സ്റ്റേഷനിലെത്താനും നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞിനെ പ്രസവിച്ച പൊഴിയൂർ സ്വദേശിയുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകാനും തീരുമാനിച്ചു.
കുട്ടികളില്ലാത്തതിനാൽ ശിശുക്ഷേമ സമിതിയിൽനിന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും സ്വത്ത് വകകൾ ഇല്ലാത്തതിനാൽ അതിന് കഴിഞ്ഞില്ലെന്നും തുടർന്നാണ് പൊഴിയൂർ സ്വദേശിയായ യുവതിയിൽനിന്ന് കുഞ്ഞിനെ പണം കൊടുത്ത് വാങ്ങാൻ തീരുമാനിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. പ്രസവത്തിന് മുമ്പ് 52,000 രൂപ ഇവർ യുവതിക്ക് മുൻകൂറായി നൽകി. ദുഃഖവെള്ളി ദിനത്തിൽ വൈകീട്ട് 4.45ഓടെയായിരുന്നു പ്രസവം. തുടർന്ന് ഏപ്രിൽ 10ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി പുറത്തിറങ്ങി കാറിൽവെച്ച് 2.48 ലക്ഷംകൂടി നൽകി കുഞ്ഞിനെ കൈമാറുകയായിരുന്നു.