തിരുവനന്തപുരം: തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നു തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ച സിംഹങ്ങളെ ഇനി സന്ദർശകർക്കു കാണാം. ഇവയുടെ പേരിടൽ ചടങ്ങ് ഇന്നലെ നടന്നു. അഞ്ചു വയസ്സുള്ള ആൺ സിംഹത്തെ ലിയോ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിനു നൈല എന്നും പേരിട്ടാണു തുറന്ന കൂട്ടിലേക്കു വിട്ടത്. ഇവയുടെ പേരു ചൊല്ലി വിളിച്ചു മന്ത്രി ജെ. ചിഞ്ചുറാണിയാണു പേരിടൽ നിർവഹിച്ചത്. തുറന്ന കൂട്ടിലാണെങ്കിലും രണ്ടിടങ്ങളിലായാണു ലിയോയെയും നൈലയേയും പാർപ്പിച്ചിരിക്കുന്നത്. തുറന്ന കൂട്ടിൽ ഉണ്ടായിരുന്ന ഗ്രേസിയെന്ന പെൺ സിംഹത്തിനെ മറ്റൊരു കൂട്ടിലേക്കു മാറ്റി.
പ്രായാധിക്യം ബാധിച്ച മറ്റൊരു സിംഹം ആയുഷ് മൃഗശാല ആശുപത്രിയിൽ ചികിത്സയിലാണ്. ലിയോയും നൈലയും കൂടി എത്തിയതോടെ മൃഗശാലയിലെ സിംഹങ്ങൾ നാലായി. മൂന്നു മാസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയാണു സിംഹങ്ങളെ തലസ്ഥാനത്ത് എത്തിച്ചത്. ഇവയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു മൃഗശാല അധികൃതർ അറിയിച്ചു. മൃഗശാലയിൽ 20 ദിവസത്തെ ക്വാറന്റീൻ കൂടി പൂർത്തിയാക്കാനുണ്ട്. തുറസ്സായ രണ്ടിടങ്ങളിൽ കഴിയുന്ന സിംഹങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ള കാഴ്ച്ചക്കാർക്കു പുത്തൻ അനുഭവമായിരിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.