ജഗ്ഗംപേട്ട (ആന്ധ്രപ്രദേശ്): ഫ്രൂട്ട്സ് കൊണ്ടു പോവുകയായിരുന്ന ട്രക്കിൽ കടത്തുകയായിരുന്ന 808.18 കിലോഗ്രാം കഞ്ചാവ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ ജഗ്ഗംപേട്ടയിലെ കൃഷ്ണവാരം ടോൾ പ്ലാസയിൽ ഞായറാഴ്ചയാണ് ട്രക്ക് പിടികൂടിയത്. വാഹനത്തിന് അകമ്പടി പോയവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് രണ്ട് പ്രതികൾ പിടിയിലായത്.
പ്രതികൾ വാഹനം ടോൾ ഗേറ്റിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി. പരിശോധനയിൽ രണ്ട് വാഹനങ്ങളും ഏകദേശം 1.61 കോടി രൂപ വിലമതിക്കുന്ന 808.18 കിലോ കഞ്ചാവും പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിയതായി ഡ്രൈവറും അറസ്റ്റിലായ മറ്റ് രണ്ടുപേരും സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1985ലെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും കഞ്ചാവും രണ്ട് വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ 12 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.