അബൂദബി: മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നാട്ടിലേക്ക് തിരിച്ചു. അബൂദബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ട്രംപിനെ യാത്രയാക്കി. സൗദിക്കും ഖത്തറിനും പുറമേ യുഎഇയിലും ശതകോടി ഡോളറിന്റെ നിരവധി കരാറുകൾ ഒപ്പുവച്ച ശേഷമാണ് ട്രംപിന്റെ മടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് എയർഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് യാത്ര തിരിച്ചത്. സന്ദർശനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച അബൂദബി സാദിയാത് ഐലന്റിലെ അബ്രഹാമിക് ഫാമിലി ഹൗസ് ട്രംപ് സന്ദർശിച്ചു.
ഒരേ കോമ്പൗണ്ടിൽ മസ്ജിദും ചർച്ചും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയമാണ് അബ്രഹാമിക് ഹൗസ്. ഇവിടത്തെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. ‘സംഘർഷത്തിന് പകരം സഹകരണവും ശത്രുതയ്ക്കു പകരം സൗഹൃദവും ദാരിദ്ര്യത്തിന് പകരം ക്ഷേമവും നിരാശയ്ക്ക് പകരം പ്രതീക്ഷയും മനുഷ്യരാശി തിരഞ്ഞെടുക്കുന്നുവെങ്കിൽ ഞാനീ ഭവനത്തിൽ പ്രത്യാശ കാണുന്നു’ എന്ന് ട്രംപ് പുസ്തകത്തിൽ കുറിച്ചു. അബ്രഹാമിക് ഹൗസിലെ മസ്ജിദും ചർച്ചും സിനഗോഗും അദ്ദേഹം നടന്നു കണ്ടു. യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് അദ്ദേഹത്തെ അനുഗമിച്ചു.