അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വരവിന് മുന്നോടിയായി ചേരികൾ മതിൽ കെട്ടി മറച്ചാൽ മാത്രം പോര ഒഴിപ്പിക്കുകയും വേണമെന്ന് തീരുമാനിച്ച് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ. ട്രംപിനും മോദിക്കുമായി ‘കെംഛോ ട്രംപ്’ പരിപാടി നടത്താൻ പുതുതായി നിർമ്മിച്ച മൊട്ടേര സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചേരികളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ചേരി നിവാസികൾക്ക് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി.
സ്റ്റേഡിയത്തിന് ചുറ്റുമുള്ള 45 കുടുംബങ്ങൾക്കാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇവിടെ സ്റ്റേഡിയത്തിന്റെ പണിക്കായി കുടിൽ കെട്ടി താമസിച്ചിരുന്ന കൂലിപ്പണിക്കാരോടും ഉടനടി ഒഴിഞ്ഞ് പോകാൻ മുൻസിപ്പൽ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം അഹമ്മദാബാദ് ഹൈവേയുടെ അടുത്ത് മതിൽ കെട്ടി മറച്ച സരനിയാവാസ് എന്ന ചേരിയിലെ കുടുംബങ്ങളോടും ഉടൻ ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ടല്ല ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പറയുന്നത്. മതിൽ കെട്ടി, ”എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് മൊട്ടേര സ്റ്റേഡിയത്തിൽ വരുന്നുണ്ടെന്നും ഉടൻ ഒഴിഞ്ഞ് പോകണമെന്നും പറഞ്ഞു”. സ്ഥലത്ത് താമസിക്കുന്ന ആളുകൾ പറയുന്നു. 22 വർഷമായി ഈ പ്രദേശത്ത് ചേരികളുണ്ട്. കാലങ്ങൾക്ക് മുമ്പ് പല സംസ്ഥാനങ്ങളിൽ നിന്നുമായി കൂലിപ്പണിക്കും മറ്റുമായി വന്ന് കുടിയേറിപ്പാർത്തവരാണ് ഇവിടെ താമസിക്കുന്നവരിലധികവും. മൊട്ടേര സ്റ്റേഡിയത്തിന്റെ പണിക്കായി എത്തിയ പല പണിക്കാർക്കും 300 രൂപ മാത്രമായിരുന്നു ദിവസക്കൂലി.
”ഞങ്ങളെവിടെപ്പോകും എന്ന് ചോദിച്ചപ്പോ എവിടെ വേണമെങ്കിലും പോ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഓരോ കുടുംബത്തിലും നാല് പേരെങ്കിലുമുണ്ട്. ഇത്രയും പേരെക്കൊണ്ട് വയസ്സായവരെയും കുട്ടികളെയും കൊണ്ട് ഞങ്ങളെവിടെപ്പോകും” സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്ന പങ്കജ് ദാമോർ ഒരു മാധ്യമത്തിനോട് പറഞ്ഞു. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി വണ്ടിയോടിക്കുന്ന ഡ്രൈവറാണ് പങ്കജ്.
കോളനിവാസികൾക്ക് നൽകിയ നോട്ടീസിൽ പറയുന്നതിങ്ങനെയാണ്. ചേരിനിവാസികൾ താമസിക്കുന്നത് ‘കയ്യേറിയ’ ഭൂമിയിലാണ്. ഇത് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ കയ്യിലാണ്. ഇത് ടൗൺ പ്ലാനിംഗ് സ്കീമിന്റെ ഭാഗമായി വികസനപ്രവർത്തനങ്ങൾ നടക്കേണ്ട ഭൂമിയാണ്. ഇവിടെ താമസിക്കുന്നവർ ഉടൻ ഒഴിയണം. അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അപേക്ഷയുമായി ചൊവ്വാഴ്ചയ്ക്കകം വകുപ്പിനെ സമീപിക്കണം.
നോട്ടീസിലെ തീയതി ഫെബ്രുവരി 11- എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഇത് വിതരണം ചെയ്തിരിക്കുന്നത് ഫെബ്രുവരി 17-നാണ്. അപ്പീൽ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 18-ന്. എഴുത്തും വായനയും അറിയാത്ത ഇവർ ഒരു ദിവസം കൊണ്ട് അപ്പീലുമായി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനെ സമീപിക്കില്ലെന്നത് വ്യക്തം.