തിരുവല്ല : സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
കമ്പിനിയിലേക്ക് സ്പിരിറ്റ് എത്തിയത് എക്സൈസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ്. ലോഡ് പരിശോധിച്ച് അളവ് ഉറപ്പാക്കുന്നതിലും എക്സൈസ് വീഴ്ച വരുത്തി. ഇതെല്ലാം തിരിമറിക്ക് സഹായകരമായി. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
ടാങ്കറിലെ ഇ- ലോക്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് മുകള്‍ഭാഗം വെച്ച് മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറന്‍സിക്, എക്സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം. കമ്പിനിയിലെ തകരാറിലായ വേ ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്താതിരുന്നത് തട്ടിപ്പിനായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.