അമ്പലപ്പുഴ : സുനാമി റെഡി പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശജനങ്ങളുമായും ജനപ്രതിനിധികളുമായും സംവദിച്ച് വിദേശപ്രതിനിധികളടങ്ങുന്ന വിദഗ്ധസംഘം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഒൻപതു തീരദേശപഞ്ചായത്തുകളിൽ നടത്തുന്ന പദ്ധതിയിൽ ജില്ലയിൽനിന്നു പുറക്കാട് ഗ്രാമപ്പഞ്ചായത്തിനെയാണ് ഉൾപ്പെടുത്തിയത്. വെള്ളിയാഴ്ച നടന്ന തിരദേശ മോക്ഡ്രിൽ ഈ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു. യുനെസ്‌കോ, ഐഒസി, ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഐഎൻസിഒഐഎസ്) എന്നിവയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രാദേശികതലത്തിൽ ദുരന്തസാധ്യതയേറിയ സ്ഥലങ്ങൾ തിരിച്ചറിയുക, ഒഴിപ്പിക്കൽ പ്രക്രിയയുടെ ഭാഗമായി വരേണ്ട സ്ഥലങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തുക, സുരക്ഷിത ദുരിതാശ്വാസകേന്ദ്രങ്ങൾ കണ്ടെത്തി സൗകര്യങ്ങൾ അവലോകനം നടത്തുക, ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ച ഭൂപടങ്ങൾ തയ്യാറാക്കുക എന്നിവയാണ് പ്രവർത്തനങ്ങൾ.
പദ്ധതികൾ കേന്ദ്രസർക്കാരിന്റെ സുനാമി സർട്ടിഫിക്കറ്റ് ബോർഡ് വിലയിരുത്തി പഞ്ചായത്തിനെ സുനാമി റെഡി ആയി പ്രഖ്യാപിക്കും. 18 വാർഡുകളിൽ ഒൻപതു വാർഡുകൾ ദുരന്തസാധ്യതയുള്ളവയായതിനാലാണ് പുറക്കാടിനെ തിരഞ്ഞെടുത്തത്. തീരദേശദുരന്തങ്ങളെയെല്ലാം നേരിടുന്നതിനുള്ള ബോധവത്കരണമാണ് ലക്ഷ്യം.
ഇൻകോയിസ് ഡയറക്ടർ ഡോ. ബാലകൃഷ്ണൻനായർ, ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫ. ഡോ. ഫത്തെമ ജലയേർ, സബ് കളക്ടർ സമീർ കിഷൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രോജക്ട് ഓഫീസർ ഡോ. മിഥില മല്ലിക, ഇന്ത്യൻ മഹാസമുദ്രം സുനാമി മുന്നറിയിപ്പ് സംവിധാനം മേധാവി ഡോ. ശ്രീനിവാസകുമാർ, ശാസ്ത്രജ്ഞ സുനന്ദ, തഹസിൽദാർ അൻവർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.