ഭോപ്പാല്‍: ബി.ജെ.പിയിലെത്തിയിട്ടും കോണ്‍ഗ്രസ് ചിഹ്നം ‘കൈ’ വിടാതെ ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പി റാലിക്കിടെ അദ്ദേഹത്തിനുണ്ടായ നാക്കുപിഴ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൈപത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് സിന്ധ്യ അബദ്ധത്തില്‍ പറഞ്ഞത്.
നവംബര്‍ 3ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ദാബ്രയില്‍ നടന്ന ബി.ജെ.പി പ്രചാരണത്തിനിടെയാണ് സംഭവം. റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ‘കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര’ എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹം തിരുത്തി.
സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കും അണികള്‍ക്കുമൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി പാളയത്തിലെത്തിയത്.
അതേസമയം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി കഴിഞ്ഞദിവസം സിന്ധ്യ രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലായിരുന്നു സിന്ധ്യയുടെ ആരോപണം. കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ ഞാന്‍ നായയാണ് ഇവിടത്തെ ജനങ്ങളാണ് എന്റെ യജമാനന്‍മാര്‍. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എന്റെ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ മറുപടി പറഞ്ഞിരുന്നു.
അതേസമയം, സിന്ധ്യയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് കമല്‍നാഥും രംഗത്തെത്തിയിരുന്നു. കമല്നാഥിെന്റ വക്താവാണ് പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയത്. സിന്ധ്യക്കെതിരെയല്ല ഒരു നേതാവിനെതിരെയും അത്തരം വാക്കുകള്‍ തന്റെ പ്രസംഗങ്ങളില്‍ കമല്‍നാഥ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.