ആരോഗ്യത്തിനും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍. ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ച് വരുന്ന മഞ്ഞളിന്റെ രോഗനാശന ശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞള്‍ ആരോഗ്യത്തിനു ഏറെ ഗുണകരവുമാണ്.
രോഗപ്രതിരോധത്തിന്
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്‍കാനും മഞ്ഞളിനെ സഹായിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന്‍ എന്ന രാസവസ്തുവാണ്. ഇതു കൂടാതെ നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ആന്റി ഓക്‌സിഡന്റ് കപ്പാസിറ്റി വര്‍ധിപ്പിച്ച് പ്രായാധിക്യം മൂലമുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും മഞ്ഞള്‍ ചെറുക്കുന്നു. മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. അള്‍ഷിമേഴ്‌സിന്റെ ചികിത്സയില്‍ കുര്‍ക്യുമിന്‍ ഫലപ്രദമാണെന്ന് അടുത്തിടെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ബീറ്റാ അമലോയിഡുകള്‍ അടിഞ്ഞുകൂടുന്നത് തടയുകയും അല്‍ഷിമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ കാണുന്ന നിക്ഷേപങ്ങളെ വിഘടിപ്പിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് നല്‍കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കും.
അര്‍ബുദ വളര്‍ച്ചയെ പ്രതിരോധിക്കും
സ്തനം, ത്വക്ക്, ശ്വാസകോശം, വന്‍കുടല്‍, പ്രോസ്‌റ്റേറ്റ് എന്നിവയില്‍ ഉണ്ടാകുന്ന കാന്‍സര്‍ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മഞ്ഞളിലൂടെ സാധിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കാനും ഇത് മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞളിനു കഴിയും. ചില കീമോതെറാപ്പി മരുന്നുകളുടെ പാര്‍ശ്വഫലം കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നുണ്ട്. വാതം, ആര്‍ത്രൈറ്റിസ് എന്നിവ മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ മഞ്ഞളിനു കഴിയും. മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയും ഇത് മുഖകാന്തി വര്‍ധിപ്പിക്കുകയും അപകടകാരികളായ ബാക്ടീരിയകളെ ശരീരത്തില്‍നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യും.
ആരോഗ്യം മെച്ചപ്പെടുത്താന്‍ കുര്‍ക്കുമിന്‍
സിസ്റ്റിക് ഫൈബ്രോയ്ഡ്‌സ്, അള്‍സെറേറ്റീവ് കൊളൈറ്റീസ് എന്നീ രോഗങ്ങളുടെ ചികിത്സയിലും മഞ്ഞള്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരള്‍ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മദ്യപാനം മൂലമോ മരുന്നുകളുടെ അമിത ഉപയോഗം കാരണമോ കരള്‍ രോഗം ബാധിച്ചവരില്‍ മഞ്ഞള്‍ വളരെയധികം ഫലപ്രദമാണ്. മഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാകുന്ന കേടുപാടുകളും അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന ദോഷങ്ങളും തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള കഴിവ് കുര്‍ക്കുമീന്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ശരീരതാപം കുറയ്ക്കുന്നതിനും ഫ്രീ റാഡിക്കലുകളെ തടഞ്ഞു ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ കുര്‍ ക്മികുന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എനര്‍ജി ഡ്രിങ്ക്, സോപ്പ്, കോസ്‌മെറ്റിക്‌സ് എന്നിവയില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്.
ഒഴിവാക്കേണ്ടതെപ്പോള്‍
മഞ്ഞള്‍ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോഴും ചില പ്രത്യേക ആരോഗ്യ അവസ്ഥകളിലും ഒഴിവാക്കുന്നതാണ് ഗുണകരം. മഞ്ഞള്‍ പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് പ്രമേഹത്തിനുള്ള മരുന്നു കഴിക്കുന്നവര്‍ മഞ്ഞള്‍ കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് മഞ്ഞള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. മഞ്ഞള്‍ മാസമുറയ്ക്ക് കാരണമാകുകയോ ഗര്‍ഭപാത്രത്തിന്റെ ഉത്തേജനത്തിനു കാരണമാകുകയോ ചെയ്യാം. ഇത് അബോര്‍ഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പിത്താശയ കല്ല്, മൂത്രാശയക്കല്ല് എന്നിവയുള്ളവര്‍ മഞ്ഞള്‍ ഒഴിവാക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന ഓക്‌സൈലറ്റ് മൂത്രത്തില്‍ കല്ലിനു കാരണമാകും. രക്തത്തിന്റെ കട്ടി കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കും. അതിനാല്‍ രക്തസ്രാവം ഉള്ളവര്‍ മഞ്ഞള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.