തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുക്കേണ്ട ടേണ്‍ ഓവര്‍ ടാക്സില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. ടേണ്‍ ഓവര്‍ ടാക്സിന്റെ വിശദാംശങ്ങള്‍ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയില്ല. ബാറുകളുടെ എണ്ണം കൂടിയിട്ടും ആനുപാതികമായി ടേണ്‍ ഓവര്‍ ടാക്സ് പിരിവ് നടന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വില്‍പന നികുതിയുടെ പത്ത് ശതമാനമാണ് ബാറുകള്‍ നല്‍കേണ്ട ടേണ്‍ ഓവര്‍ ടാക്സ്. 2017 മുതല്‍ 2023 വരെ ബാറുകളില്‍ നിന്ന് ലഭിച്ച ടേണ്‍ ഓവര്‍ ടാക്സ് വരുമാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യം 2023 മാര്‍ച്ച് ആറിനാണ് നിയമസഭയില്‍ റോജി എം ജോണ്‍ ഉന്നയിച്ചത്.
അണ്‍സ്റ്റാര്‍ഡ് ഗണത്തിലുള്ള ചോദ്യത്തിന് നാളിത് വരെ ധനമന്ത്രി ഉത്തരം നല്‍കിയിട്ടില്ല. ഒരു വര്‍ഷം പിന്നിട്ടിട്ടും ഉത്തരം നല്‍കാത്തത് ടേണ്‍ ഓവര്‍ ടാക്സ് പിരിവ് കാര്യക്ഷമം അല്ലെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ്. ബാര്‍ ലൈസന്‍സ്, പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമായി ചുരുങ്ങിയ 2016-2017 കാലയളവില്‍ 300 കോടി വരെ ടേണ്‍ ഓവര്‍ ടാക്സായി ലഭിച്ചിട്ടുണ്ട്. 801 ബാറുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും ടേണ്‍ ഓവര്‍ നികുതി 600 കോടി കടന്നിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മുമ്പ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോ ബാറും സന്ദര്‍ശിച്ചാണ് ടേണ്‍ ഓവര്‍ ടാക്സ് നിശ്ചയിച്ചിരുന്നത്.ഇത് ഇപ്പോള്‍ ബാറുകള്‍ നല്‍കുന്ന കണക്കിനെ മാത്രം അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ബാര്‍ ഉടമകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്.