തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസം. ശമ്പളമില്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ അധ്യാപിക നിരാഹാരത്തില്‍. 2012 മുതല്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ പൊതു വിദ്യാഭ്യാസത്തിനു കീഴിലായതോടെയാണ് പ്രതിസന്ധികള്‍ ആരംഭിച്ചത്. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥിരനിയമനം നല്‍കാമെന്ന് വാഗ്ദാനങ്ങള്‍ നല്‍കുകയും നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനവും അന്വേഷണവും നടത്തുകയെന്നല്ലാതെ യാതൊരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല.
കൂടാതെ നിലവില്‍ 17325 രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. അത് 18500 ആയി ഉയര്‍ത്തിയതായി ഉത്തരവ് വന്നെങ്കിലും നടപ്പിലായിട്ടില്ല. കുട്ടികളുടെ പഠനത്തിനു പുറമെ കുട്ടികളുടെ ഭക്ഷണം, പ്രധാനാധ്യാപക ജോലി, ഉച്ചക്കഞ്ഞി കണക്കുകള്‍ വരെയുള്ള സ്‌കൂളിനെ സംബന്ധിച്ച എല്ലാവിധ കാര്യങ്ങളും ഈ അധ്യാപകരാണ് ചെയ്യുന്നത്. ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് അധ്യാപിക പറയുന്നത്.