തിരുവനന്തപുരം : സംസ്ഥാന സാക്ഷരത മിഷന് പേട്ടയില്‍ ആസ്ഥാനമന്ദിരം പണിതത് സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറിയെന്ന് തിരുവനന്തപുരം കോര്പറേഷന്. പൊതുവിദ്യാഭ്യാസ വകുപ്പിെന്റ പേട്ടയിലെ മൊത്തം ഒരു ഏക്കര്‍ 40 സെന്റ് സ്ഥലത്തില്‍ 16 സെന്റില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ സാക്ഷരത മിഷന് നല്‍കിയത്. എന്നാല്‍ 43 സെന്റ് കൈയേറി കെട്ടിടം നിര്‍മിച്ചുവെന്നാണ് കോര്‍പറേഷെന്റ കണ്ടെത്തല്‍. കെട്ടിടനിര്മാണത്തിെന്റ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരത മിഷന് നടത്തിയത്. 16 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി കെട്ടിടം നിര്‍മിക്കാനാണ് സര്ക്കാറരില് നിന്നുള്ള അനുമതി. എന്നാല്‍ ഇത് ലംഘിച്ച് സാക്ഷരത മിഷന് പണികഴിപ്പിച്ചത് 13654 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ്.
കോര്‍പറേഷെന്റ അനുമതി വാങ്ങാതെയാണ് 2018 മെയ് മാസം കെട്ടിടനിര്‍മാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയില്‍ കോര്‍പറേഷനില്‍ അപേക്ഷ നല്‍കിയെങ്കിലും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതം അല്ലാത്തതിനാല്‍ നിരസിച്ചു. മുഖ്യമന്ത്രിയായിരുന്നു അന്ന് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. കെട്ടിടത്തിെന്റ പണി ഏതാണ്ട് പൂര്‍ത്തിയായ ശേഷം 2019 മാര്‍ച്ച് 30 നാണ് വീണ്ടും നിര്‍മാണ അനുമതിക്കായി സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചത്.
സര്‍ക്കാറിെന്റ 43 സെന്റ് സ്ഥലം കൈയേറ്റം നടത്തിയെന്ന് ബോധ്യപ്പെട്ടതിെന്റ അടിസ്ഥാനത്തില്‍ നിര്‍മാണ അനുമതി നിഷേധിച്ചുള്ള വിവരം കോര്‍പറേഷെന്റ എന്‍ജിനീയറിങ് വിഭാഗം 2019 ജൂലൈ 26ന് സാക്ഷരത മിഷന് ഡയറക്ടറെ അറിയിച്ചു. തുടര്‍ന്ന് ഇതേ ആവശ്യം അറിയിച്ച് സാക്ഷരത മിഷന് കത്ത് നല്‍കിയെങ്കിലും 2020 ജൂണ്‍ എട്ടിനും അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടിയാണ് നഗരസഭ നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
2019 ഒക്ടോബറില്‍ ആണ് കെട്ടിടം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ് ആണ് നിര്‍മാണം ഏറ്റെടുത്തുനടത്തിയത്. ആസ്ഥാന മന്ദിരം നില്ക്കുന്ന സ്ഥലത്ത് നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പിെന്റ പുസ്തക ഡിപ്പോ ആയിരുന്നു. ഈ കെട്ടിടം പൊളിക്കാന്‍ സാക്ഷരത മിഷന് സര്‍ക്കാര്‍ അംഗീകാരം കിട്ടിയിരുന്നുവെന്ന കാര്യത്തിലും വ്യക്തത ഇല്ല.
ഈ കെട്ടിടം പൊളിച്ചപ്പോള്‍ തേക്ക്, ഈട്ടി തടികളില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കാനും മറ്റുമായി നിര്‍മിച്ച കോടിക്കണക്കിന് രൂപയുടെ സാമഗ്രികള്‍ കടത്തിയെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതേസമയം ഫയര്ഫോഴ്സിെന്റ സര്‍ട്ടിഫിക്കറ്റ് കൂടി കിട്ടുന്നതോടെ കോര്പറേഷന് അനുമതിയും ലഭിക്കുമെന്നും മറിച്ചുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല മാധ്യമത്തോട് പറഞ്ഞു.
കെട്ടിടനിര്‍മാണത്തിലും അഴിമതിയെന്ന്
തിരുവനന്തപുരം: സാക്ഷരത മിഷെന്റ കെട്ടിട നിര്‍മാണത്തിലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സാക്ഷരത മിഷന് കെട്ടിടനിര്‍മാണം തുടങ്ങിയതിനുശേഷം 2019 ല്‍ സത്യസായി ട്രസ്റ്റുമായി 450 ചതുരശ്ര അടി വിസ്തീര്‍ണം വീതം ഉള്ള 450 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഹാബിറ്റാറ്റ് കരാര്‍ ഒപ്പിട്ടിരുന്നു.
450 ചതുരശ്ര അടി കെട്ടിടം നിര്‍മിക്കാന്‍ 6,30,000 രൂപയാണ് ചെലവ്. അതായത് ചതുരശ്ര അടിക്ക് നിരക്ക് 1400 രൂപ. അതേസമയം ഹാബിറ്റാറ്റ് ഗ്രൂപ്പിനെ കൊണ്ട് സാക്ഷരത മിഷന് സംസ്ഥാന ഓഫിസ് നിര്‍മിച്ചത് ചതുരശ്ര അടിക്ക് 3567 നിരക്കിലും. ഈ നിരക്കില്‍ മൊത്തം 13654 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സാക്ഷരത മിഷന് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത് 4.87 കോടി ചെലവഴിച്ചാണ്.