ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ് (TVS) രാജ്യത്ത് പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കി. ടിവിഎസ് അപ്പാച്ചെ ആർടിആർ 310 (TVS Apache RTR 310) എന്ന മോട്ടോർസൈക്കിളാണ് കമ്പനി അവതരിപ്പിച്ചത്. 2.43 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്ന ഈ ബൈക്ക് അപ്പാച്ചെ ആർടിആർ 310, അപ്പാച്ചെ ആർആർ 310 എന്നീ ബൈക്കുകളുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായിട്ടാണ് വരുന്നത്. ആകർഷകമായ ഡിസൈനും കരുത്തുള്ള എഞ്ചിനും നവീനമായ സവിശേഷതകളും ടിവിഎസ് അപ്പാച്ചെ ആർടിആർ 310ൽ ഉണ്ട്. ടിവിഎസ് അപ്പാച്ചെ ആർആർ 310 മോട്ടോർസൈക്കിളിൽ ഉള്ളത് പോലെ ടിവിഎസ് അപ്പാച്ചെ ആർടിആർ 310ലും 312.2cc സിംഗിൾ – സിലിണ്ടർ എഞ്ചിനാണുള്ളത്. ഇത് ബിഎംഡബ്ല്യുവിന്റെ ജി 310 ലൈനപ്പിലുള്ള എഞ്ചിൻ തന്നെയാണ്. ടിവിഎസും ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യയിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ടിവിഎസ് അപ്പാച്ചെ ആർടിആർ 310 ബൈക്കിൽ എഞ്ചിൻ ട്യൂൺ ചെയ്താണ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ആർആർ 310 മോഡലിനെക്കാൾ കൂടുതൽ പവറും ടോർക്കും ആർടിആർ 310ൽ ലഭിക്കും.
ടിവിഎസ് അവകാശപ്പെടുന്നത് അനുസരിച്ച് കമ്പനിയുടെ പുതിയ അപ്പാച്ചെ ആർടിആർ 310 നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റർ ബൈക്കിന് 2.81 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 60 കിലോമീറ്റർ എന്ന വേഗതയിലേക്ക് എത്താൻ സാധിക്കും എന്നാണ്. ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്ററാണ്. നേക്കഡ് ബൈക്കുകളിലെ കരുത്തനായിട്ടാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുറത്തിറക്കിയിരിക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. അഡ്ജസ്റ്റ് ചെയ്യാവുന്ന യുഎസ്ഡി ഫോർക്കാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 310 മോട്ടോർസൈക്കിളിന്റെ മുൻവശത്തുള്ളത്. ബൈക്കിന്റെ പിന്നിൽ മോണോഷോക്ക് സസ്പെൻഷൻ സെറ്റപ്പും നൽകിയിട്ടുണ്ട്. ആർആർ310 മോഡലിൽ നിന്നും പരിഷ്കരിച്ച ഫ്രെയിമും ആർടിആർ 310 ബൈക്കിൽ അപ്പാച്ചെ നൽകിയിട്ടുണ്ട്.
സസ്‌പെൻഷൻ സെറ്റപ്പിൽ പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് എന്നിവയ്‌ക്കായുള്ള സെറ്റിങ്സുമുണ്ട്. മികച്ച കൺട്രോളും റൈഡിങ് കംഫർട്ടും നൽകാൻ ഈ സസ്പെൻഷൻ സെറ്റപ്പിന് സാധിക്കും. ടിവിഎസ് അപ്പാച്ചെ ആർടിആർ 310ൽ 17 ഇഞ്ച് ഡ്യുവൽ കോമ്പൗണ്ട് റേഡിയൽ ടയറുകളാണുള്ളത്. ഡ്യൂവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളാണ് ബൈക്കിന്റെ മുന്നിലും പിന്നിലും നൽകിയിട്ടുള്ളത്. ഈ ബൈക്കിൽ സിക്‌സ് ആക്‌സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (ഐഎംയു) ഉണ്ട്. ഇതിലൂടെ കോർണറിങ് എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. റൈഡിംഗ് മോഡുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സെറ്റപ്പ് എന്നിവയും ബൈക്കിലുണ്ട്.
സ്പ്ലിറ്റ് സീറ്റുമായി വരുന്ന ടിവിഎസ് അപ്പാച്ചെ ആർടിആർ 310ൽ അഗ്രസീവ് ആയ ഡിസൈനാണുള്ളത്. കരുത്തൻ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററാണ് ബൈക്ക് എന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ഡിസൈനാണ് ഇത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ് സെറ്റപ്പാണ് ബൈക്കിലുള്ളത്. മുൻവശത്തേക്ക് നീണ്ടുകിടക്കുന്ന ഷാർപ്പ് ആയ ഷ്രൌഡുകളും മസ്‌കുലാർ ഫ്യൂവൽ ടാങ്കും ഈ ബൈക്കിന്റെ ഡിസൈൻ സവിശേഷതകളാണ്. കാഴ്ചയിൽ ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയെയും ആകർഷിക്കുന്ന ഡിസൈനാണ് ടിവിഎസ് ആർടിആർ 310ന് നൽകിയിട്ടുള്ളത്. ബിൽറ്റ്-ഇൻ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയുള്ള 5 ഇഞ്ച് TFT ഡിസ്‌പ്ലേയുമായിട്ടാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 310 മോട്ടോർസൈക്കിൾ വരുന്നത്. മൾട്ടിവേ കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ചൂടും തണുപ്പുമുള്ള ക്ലൈമാറ്റിക് കൺട്രോൾ സീറ്റ് എന്നിവയും ഈ മോട്ടോർസൈക്കിളിലുണ്ട്. റൈഡിങ് മോഡുകളും ഈ ബൈക്കിൽ ടിവിഎസ് നൽകിയിട്ടുണ്ട്. ഏറ്റവും നവീനമായ ഫീച്ചറുകളാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ടിവിഎസ് അപ്പാച്ചെ ആർടിആർ 310 ബൈക്കിന്റെ ക്വിക്ക്ഷിഫ്റ്ററില്ലാത്ത ബേസ്-സ്പെക്ക് ആഴ്സണൽ ബ്ലാക്ക് മോഡലിന്റെ എക്സ് ഷോറൂം വില 2.43 ലക്ഷം രൂപയാണ്. ക്വിക്ക്ഷിഫ്റ്ററുള്ള ആഴ്സണൽ ബ്ലാക്ക് വേരിയന്റിന് 2.58 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ട്. ടോപ്പ്-സ്പെക്ക് ഫ്യൂറി യെല്ലോ വേരിയന്റിന് 2.64 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. കെടിഎം 390 ഡ്യൂക്ക്, ബജാജ് ഡോമിനാർ 400 എന്നിവയുമായി മത്സരിക്കാൻ പോന്ന മികച്ച നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ബൈക്കാണ് ആർടിആർ 310.