ലണ്ടന്‍ : യുകെയുടെ സര്‍ക്കാര്‍ നിയന്ത്രിത ആരോഗ്യ മേഖലയാണ് എന്‍എച്ച്എസ് എന്ന് ചുരുക്കപ്പേരുള്ള നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്. എന്‍എച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാര്‍ ആണെന്നാണ് കണക്കുകള്‍. ലോകത്തെ 214 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ എന്‍എച്ച്എസ് ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. അതായത് യുകെയുടെ സ്വന്തം നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ഇപ്പോള്‍ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് സര്‍വീസായി മാറിയെന്ന് ചുരുക്കം. വിദേശികളായ ജീവനക്കാരില്‍ മുന്നിലുള്ളത് ഇന്ത്യക്കാരാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ സ്വന്തം മലയാളികളും.
എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 20 ശതമാനം വിദേശ പൗരന്‍മാരില്‍ 10.1% ജീവനക്കാര്‍ ഇന്ത്യക്കാരാണ്. എന്‍എച്ച്എസിലെ പത്തില്‍ മൂന്ന് നഴ്സുമാരും ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും വിദേശ പൗരന്മാര്‍ ആണെന്നത് റെക്കോര്‍ഡ് കണക്കാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ പറയുന്നു. യുകെയില്‍ എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് വര്‍ധിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ വിദേശ റിക്രൂട്ട്മെന്റ് നടത്തി എല്ലാക്കാലവും എന്‍എച്ച്എസിലെ ഒഴിവുകള്‍ നികത്താന്‍ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിദേശ ജീവനക്കാരില്‍ ഇന്ത്യയ്ക്ക് പിന്നാലെയുള്ളത് ഫിലിപ്പൈന്‍സ്, നൈജീരിയ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.