ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണക്കുകയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ട്വിറ്ററിന് കത്തയച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ കിസാന്‍ ഏക്താ മോര്‍ച്ച, ദി കാരവാന്‍ എന്നിവയുടേതടക്കം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.
കര്‍ഷക സമരത്തെ പിന്തുണക്കുന്ന മധ്യമങ്ങള്‍, സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി മേഖലയില്‍ നിന്നുള്ളവരുടെ വിവരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് കൈമാറിയിരുന്നു. 250-ല്‍ അധികം ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഇതിനോടകംതന്നെ ബ്ലോക്കുചെയ്യപ്പെട്ടിരിക്കുന്നത്. വ്യാജവും പ്രകോപന പരവുമായ സന്ദേശങ്ങള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ക്കെതിരെയുള്ള നടപടി ആഭ്യന്തര മന്ത്രാലയത്തിന്റേയും ഐ.ടി. മന്ത്രാലയത്തിന്റേയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണെന്നും അധികൃതര്‍ പറയുന്നു. നിയമപരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്നാണ് അക്കൗണ്ട് തടഞ്ഞിരിക്കുന്നതെന്ന് ട്വിറ്ററും വ്യക്തമാക്കിയിരുന്നു.
അടുത്തകാലത്താണ് ട്വിറ്ററിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നത്. കോപ്പിറൈറ്റ് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് സര്‍ക്കാര്‍ ട്വിറ്ററിനെതിരെ നിലപാട് സ്വീകരിച്ചത്. എന്നാല്‍ വിയോജിപ്പുകള്‍ നിലനില്‍ക്കെയാണ് അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെടുന്നത്.
കര്‍ഷക സമരത്തില്‍ സര്‍ക്കാാരിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് ദി കാരവന്‍ മാഗസിന്റെ എഡിറ്റര്‍ക്കെതിരെ ഡല്‍ഹി പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാരവന്റെ ട്വിറ്റര്‍ അക്കൗണ്ടും ബ്ലോക്ക് ചെയ്തത്. പശ്ചിമ ബംഗാളിലെ സി.പി.എം. നേതാവ് മുഹമ്മദ് സലിമിന്റെയും ആം ആദ്മി പാര്‍ട്ടി എം.എല്‍.എ.മാരുടെയും അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.