ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്തിൽ കോടാലി ചിറ വീട്ടിൽ മനു, തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോടന്തുരുത്ത് വാഴത്തറ ഷെഡിന് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യുന്നത് കണ്ട് ഓടിയെത്തിയ യുവതിയെയും ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തിയത്.
തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തുറവൂർ വല്ലേത്തോട് ഭാഗത്തുനിന്നും പോലീസ് വലയിലാക്കുകയായിരുന്നു. കുത്തിയതോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പോലീസ് ഓഫിസര്‍മാരായ കിഷോർ ചന്ദ്, അമൽരാജ്, രഞ്ജിത്ത്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു






























