കണ്ണൂർ: കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരെയാണ് പയ്യാവൂർ അറസ്റ്റ് ചെയ്തത്. നായാട്ട് സംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. കള്ളത്തോക്ക് ഉപയോഗിച്ചതിനാണ് അറസ്റ്റ്. തോക്ക് താഴെ വീണ് അബദ്ധത്തിൽ വെടിപൊട്ടിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. നായാട്ടിന് പോയതിനിടെയാണ് കാഞ്ഞിരക്കൊല്ലി സ്വദേശിയും അരുവി റിസോർട്ട് ഉടമയുമായ ബെന്നി നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷും നാരായണനും നായാട്ടിനായി ഏലപ്പാറ വനത്തിലേക്ക് കയറിയത്. വനത്തിലെ പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടെ നായാട്ട് സംഘത്തിലുണ്ടായിരുന്ന നായ ഓടിയപ്പോൾ തോക്ക് പാറപ്പുറത്ത് നിന്ന് താഴെ വീണ് വെടിപൊട്ടിയെന്നാണ് കൂടെയുള്ളവർ നൽകിയ മൊഴി. ബെന്നി തോക്ക് കുനിഞ്ഞ് എടുക്കുന്നതിനിടെ അബദ്ധത്തില്‍ വയറ്റില്‍ വെടിയേറ്റെന്നാണ് സുഹൃത്തുക്കള്‍പറഞ്ഞത്. എന്നാൽ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ് അന്വേഷണം നടത്തുകയാണ്.
ഉടൻ ബെന്നിയെ സുഹൃത്തുക്കൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെന്നിയുടെ വയറിലാണ് വെടിയേറ്റത്. നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയും പയ്യാവൂർ പൊലീസ് കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യുകയാണ്. ബെന്നിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.