ന്യൂഡല്‍ഹി: ജുഡീഷ്യറിയ്‌ക്കെതിരായ ട്വീറ്റുകള്‍ക്ക് ക്ഷമാപണം നടത്താന്‍ വിസമ്മതിച്ച മുതിര്‍ന്ന അഭിഭാഷകനും ആക്റ്റീവിസ്റ്റുമായ പ്രശാന്ത് ഭൂഷന് തന്റെ പ്രസ്താവന പുന:പരിശോധിക്കാന്‍ സുപ്രീംകോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു.
തന്റെ അഭിഭാഷകരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ഭൂഷണ്‍ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസില്‍ ഭൂഷന് ഒരു ശിക്ഷയും നല്‍കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചിനോട് ആവശ്യപ്പെട്ടു.
തന്റെ ട്വീറ്റുകള്‍ക്ക് മാപ്പ് പറയില്ലെന്ന മുന്‍ നിലപാട് ഭൂഷണ്‍ പുന:പരിശോധിച്ചില്ലെങ്കില്‍ വേണുഗോപാലിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഭൂഷന്റെ പ്രസ്താവനയുടെ സ്വരവും സ്വഭാവവും ഉള്ളടക്കവും അതിനെ കൂടുതല്‍ വഷളാക്കുന്നുവെന്നും കോടതി വേണുഗോപാലിനോട് പറഞ്ഞു. തെറ്റുതിരുത്താന്‍ തയ്യാറാണെങ്കില്‍ കടുത്ത നടപടികളിലേയ്‌ക്ക് പോകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 24ലേയ്ക്ക് മാറ്റി.
അതേസമയം, കോടതിയലക്ഷ്യത്തിന് കുറ്റക്കാരനെന്നു കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ മാപ്പു പറയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതെന്നും അതു തന്റെ കടമയായി കരുതുന്നുവെന്നും കോടതിയില്‍ വായിച്ച പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്നതിനാല്‍ തനിക്കെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെയ്‌ക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചിരുന്നു.