മലപ്പുറം: ആയുർവേദ ചികിത്സക്കെത്തിയ ആള്‍ സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്കെത്തിയ താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ലൈംഗിക അതിക്രമത്തിന് സഹായം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സ മുറിയിൽ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവസമയം പ്രതിയെ പിടികൂടാനോ വിവരം പോലീസിൽ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരൻ തയ്യാറായില്ല. തിരൂർ സി.ഐ ജിജോ എം.ജെ എസ്.ഐ പ്രദീപ് കുമാർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, സീനിയർ സി.പി.ഒ രാജേഷ് സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.