കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ വില്പനയ്ക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡിഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടെത്രയ (19) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ കഞ്ചാവ് പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബാഗില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ അറസ്റ്റ്ചെയ്തു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. ഒഡിഷയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.
ഇടയ്ക്ക് ഒഡിഷയില്‍ പോയി തിരിച്ചുവരുമ്പോഴാണ് നാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. പകല്‍നേരങ്ങളില്‍ നിര്‍മാണ തൊഴിലാളികളായി വിവിധ പ്രദേശങ്ങളില്‍ ജോലിചെയ്യും. അവിടെനിന്നാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഓര്‍ഡര്‍ സ്വീകരിച്ചശേഷം ആവശ്യക്കാരുടെ അടുത്ത് സാധനമെത്തിച്ച് കൊടുക്കുകയാണ് പതിവ്. മറുനാടന്‍ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു.അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് തൂനോളി, പി.കെ. അനില്‍കുമാര്‍, ആര്‍.പി. അബ്ദുല്‍ നാസര്‍, സി. പുരുഷോത്തമന്‍, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ എം.സി. വിനോദ്, പി.പി. സുഹൈല്‍, പി. ജലീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജ്മല്‍, ഫസല്‍, ഡ്രൈവര്‍ സി. അജിത്, പ്രദീപന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.