മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഓപറേഷൻ തൂഫാന്റെ ഭാഗമായി മൂവാറ്റുപുഴ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ മഹാതിപുർ, റാണിനഗർ ഭാഗത്ത് അരുൺ മണ്ഡൽ (28), മുർഷിദാബാദ്, സാഗർ പാറ ഭാഗത്ത് ചന്ദ്രാനന്ദ് മണ്ഡൽ (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഓപറേഷൻ തൂഫാന്റെ ഭാഗമായി മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള തൂഫാൻ സ്‌ക്വാഡിന്റെ പരിശോധനക്കിടയിൽ മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന പ്രതികളെ ഒരു മാസത്തോളമായി തൂഫാൻ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരിൽ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.






























