കാസർഗോഡ്: കാവുംചിറ പഴയ തുറമുഖത്തിന് സമീപത്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മത്സ്യക്കച്ചവടക്കാരനായ കെ വി പ്രകാശനെയാണ് (35) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി പരാതി നൽകിയെന്നും കേസ് പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയ കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രകാശനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ചന്തേര പോലീസിൽ നൽകിയ വ്യാജ പരാതിയിൽ മനംനൊന്താണ് പ്രകാശൻ മരിച്ചതെന്ന് സഹോദരീ ഭർത്താവ് രാജേന്ദ്രൻ പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാമെന്ന ആവശ്യവുമായി പ്രകാശൻ മരിക്കുന്നതിന്റെ തലേന്ന് രണ്ടുപേർ കാണാൻ എത്തിയെന്നും ഇവർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് രാജേന്ദ്രൻ പോലീസിൽ പരാതിയും നൽകി. രാജേന്ദ്രന്റെ പരാതി ലഭിച്ചതിന് പിന്നാലെ ഇന്നലെ പ്രകാശന്റെ മുറിയിലും ആത്മഹത്യ ചെയ്ത സ്ഥലത്തും എസ് ഐ സതീഷ് വർമയും സംഘവും പരിശോധന നടത്തി. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആരോപണവിധേയായ യുവതിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. യുവതി എന്ത് കാരണം ചൂണ്ടിക്കാട്ടിയാണ് പ്രകാശനെതിരെ പരാതി കൊടുത്തതെന്ന് വ്യക്തമല്ല.