31.3 C
Pathanāmthitta
Saturday, May 7, 2022 6:43 pm

ഐപിഎൽ ; ഇന്ന് രണ്ട് മത്സരങ്ങൾ

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30 ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും തമ്മിലാണ് ആദ്യത്തെ മത്സരം. രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് ഈ മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് സമ്മർദ്ദത്തിലാണ് രാജസ്ഥാൻ. സീസണിൽ ഇതുവരെ ടീമിനെ ചുമലിലേറ്റിയ ജോസ് ബട്‌ലറും യുസ്‌വേന്ദ്ര ചഹാലും നിറം മങ്ങിയതാണ് ടീം പരാജയപ്പെടാൻ കാരണം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ചഹാൽ ആകെ വീഴ്ത്തിയത് ഒരേയൊരു വിക്കറ്റാണ്. ബട്‌ലർ നേടിയതാവട്ടെ 97 റൺസ്.

അതുകൊണ്ട് തന്നെ ബട്‌ലർ-ചഹാൽ സഖ്യത്തിന്റെ പ്രകടനം രാജസ്ഥാന്റെ സാധ്യതകളിൽ നിർണായകമാണ്. ഇരുവർക്കും നല്ല പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ പോലും മറ്റ് താരങ്ങൾ അവസരത്തിനൊത്തുയരേണ്ടതുണ്ട്. എന്നാൽ ബാറ്റിംഗ് നിരയിൽ സഞ്ജുവും ഹെട്‌മെയറും ഒഴികെയുള്ള താരങ്ങൾ നിരാശപ്പെടുത്തുകയാണ്. ദേവ്ദത്ത് പടിക്കൽ, ഡാരിൽ മിച്ചൽ, കരുൺ നായർ എന്നിവെരൊക്കെ മോശം പ്രകടനങ്ങളാണ് നടത്തുന്നത്. ബൗളിംഗിൽ ട്രെന്റ് ബോൾട്ട് വിക്കറ്റ് കോളത്തിലെത്തുന്നില്ല. അശ്വിൻ, പ്രസിദ്ധ് എന്നിവ ഭേദപ്പെട്ട രീതിയിൽ കളിക്കുന്നു. ദേവ്ദത്തിനെ പുറത്തിരുത്തി ഇന്ന് രാജസ്ഥാൻ യശസ്വി ജയ്സ്വാളിനെ ഓപ്പണിംഗിൽ പരീക്ഷിച്ചേക്കും. കരുൺ നായർക്ക് പകരം റസ്സി വാൻഡർ ഡസ്സനും കളിച്ചേക്കും.

പഞ്ചാബ് ആവട്ടെ ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയാണ് എത്തുന്നത്. മായങ്ക് അഗർവാളിന്റെയും ജോണി ബെയസ്റ്റോയുടെയും മോശം ഫോം മാറ്റിനിർത്തിയാൽ പഞ്ചാബ് ബാറ്റിംഗ് സെറ്റാണ്. ശിഖർ ധവാൻ, ഭാനുക രാജപക്സ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ എന്നിവെരൊക്കെ നന്നായി കളിക്കുന്നു. ബൗളിംഗിൽ കഗീസോ റബാഡ ഫോമിലേക്ക് തിരികെ എത്തിയത് പഞ്ചാബിന് ആശ്വാസമാകും. ഒപ്പം, അർഷ്ദീപ് സിംഗ്, രാഹുൽ ചഹാർ എന്നിവെരും നല്ല ഫോമിൽ കളിക്കുന്നു. ടീമിൽ മാറ്റമുണ്ടായേക്കില്ല. പോയിന്റ് പട്ടികയിൽ രാജസ്ഥാൻ മൂന്നാമതും പഞ്ചാബ് ഏഴാമതുമാണ്.

ഇടക്ക് പറ്റിയ തിരിച്ചടികൾ അതിജീവിച്ച് തുടരെ മൂന്ന് ജയത്തോടെയാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് ഇറങ്ങുക. സീസണിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായ ലക്നൗ അതിനനുസരിച്ച് കളിക്കുന്നു. ബാറ്റിംഗ്, ബൗളിംഗ് നിരകളുടെ മിന്നും ഫോം. ആവേശിനു പരുക്കേറ്റപ്പോൾ ടീമിലിടം നേടിയ മൊഹ്സിൻ ഖാന്റെ തകർപ്പൻ ബൗളിംഗ്. കാര്യങ്ങളെല്ലാം സെറ്റ്. ആവേശ് ഖാൻ തിരികെവരുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് ചോദ്യം. കൃഷ്ണപ്പ ഗൗതം ആവേശിനു വഴിമാറിയേക്കും.

തുടരെ അഞ്ച് തോൽവികൾക്ക് ശേഷം വിജയവഴിയിലേക്ക് തിരികെയെത്തിയ കൊൽക്കത്തയ്ക്ക് ഓപ്പണിംഗ് ഇതുവരെ സെറ്റായിട്ടില്ല. ശ്രേയാസ് അയ്യർ നിതീഷ് റാണ, റിങ്കു സിംഗ് എന്നിവെരാണ് സ്ഥിരതയോടെ സ്കോർ ചെയ്യുന്ന താരങ്ങൾ. ആന്ദ്രേ റസലും ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. ഉമേഷ് യാദവിന്റെ ഓപ്പണിംഗ് സ്പെൽ ആവും മത്സരഫലം നിർണയിക്കുക. ടീമിൽ മാറ്റമുണ്ടായേക്കില്ല.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular