റാന്നി: വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗ്ഗത്തിൽ പെടുന്ന ഇരുതലമൂരിയെന്ന പാമ്പിനെ കൈവശം വെച്ചതിന് രണ്ടു പേരെ വനം വകുപ്പിന്‍റെ റാന്നി റേഞ്ച് അധികൃതരും ഫ്ലയിംങ് സ്ക്വാഡും ചേര്‍ന്നു പിടികൂടി. തിരുവനന്തപുരത്തെ ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡ് ജീവനക്കാരൻ ആലപ്പുഴ നീർക്കുന്നം വണ്ടാനം പൊക്കത്തിൽ വീട് അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ വലിയഴിക്കൽ കുരിപ്പശ്ശേരി വമ്പിശ്ശേരിൽ ഹരികൃഷ്ണൻ (32) എന്നിവരെയാണ് പിടികൂടിയത്. ആലപ്പുഴ മുല്ലക്കൽ റാവിസ് ഹൈസ് ഹോട്ടലിൽ വന്യജീവി കള്ളക്കടത്ത് നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റാന്നി റെയിഞ്ച് ഓഫീസർ ബി ആർ ജയന്റെ നിർദ്ദേശപ്രകാരം കരികുളം വനം സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും റാന്നി ഫ്ലെയിംങ് സ്ക്വാഡുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ആണിവര്‍ പിടിയിലായത്.
വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെ ഇവരിൽ നിന്നും കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്ന് പാർട്ട് സി ക്രമനമ്പർ 1 ൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗ്ഗത്തിൽ പെടുന്ന പാമ്പിനെ കൈവശം വെയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരവും ശിക്ഷാർഹവും ആണ്. വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതും തുടർന്ന് തെളിവെടുപ്പ് നടത്തേണ്ടതായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ആർ ജയൻ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എഫ്. യേശുദാസ്, എസ് ഷിനിൽ, പി സെൻജിത്ത്, ബി.എഫ്. ഓമാരായ അനൂപ് കെ. അപ്പുക്കുട്ടൻ, അമ്മു ഉദയൻ, എസ് അജ്മൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.