ആറ്റിങ്ങൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പോലീസ് പിടിയിൽ. ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക് നമ്പർ 60 ൽ അപ്പുക്കുട്ടൻ (32), മാമം കിഴുവിലം പുതുവൽവിള പുത്തൻവീട്ടിൽ സനീത്(28) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പൊലീസ് ആണ് ഇവരെ പിടികൂടിയത്. 53.5 ഗ്രാം എം.ഡി.എം.എയും ഇലക്ട്രിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. ആറ്റിങ്ങലിലെ വിദ്യാഭ്യാസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നവരാണ് പ്രതികൾ. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ആറ്റിങ്ങൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, അഡിഷണൽ എസ്.ഐ നുജൂം, പോലീസുകാരായ അനിൽകുമാർ, ദിനു പ്രകാശ്, മഹി, റൂറൽ ഡാൻസാഫ് ടീമിലെ എസ്.ഐ ബിജു ഹക്ക്, എ.എസ്.ഐ ബിജുകുമാർ, പോലീസുകാരായ വിനീഷ്, സുനിൽരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.