കോഴിക്കോട് : കോഴിക്കോട് വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കക്കോടി സ്വദേശി ബിജുവാണ് മരിച്ചത്. കൊയിലാണ്ടിയിൽ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. നെല്യാടി സ്വദേശി ശ്യാമളയാണ് മരിച്ചത്. ഇന്നലെ അർധരാത്രി ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിജു ഓടിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. ബിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ച് സ്വകാര്യ ബസ് തട്ടിയാണ് ശ്യാമള മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാത്തിമാസ് എന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.