കൊച്ചി: ചേറ്റുവയിൽ ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തുന്ന രണ്ടുപേർ രാസലഹരിയുമായി പോലീസ് പിടിയിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പളളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടിയത്. ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30), ചാവക്കാട് സ്വദേശി അഫ്സാദ് (24 ) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
രാസലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തിൽ നിന്നും കണ്ടെടുത്തു. ആംബുലൻസിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു. ആംബുലൻസ് ആവുമ്പോൾ റോഡുകളിലും മറ്റും ഉള്ള പോലീസ് പരിശോധനകളിൽ നിന്നും ഒഴിവാകുമെന്ന വ്യക്തമായ അറിവോട് കൂടിയാണ് ഇവർ രാസലഹരി വിപണനം നടത്തിവന്നിരുന്നതെന്നും, ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.