കോന്നി : വിവാഹത്തിന് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ തടയാൻ ശ്രമിച്ച സഹോദരനെ വാഹനം ഇടിച്ചു കൊലപെടുത്താൻ ശ്രമിച്ച രണ്ട് പേരെ കോന്നി പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രക്കാനം രാജീവ് ഭവനം സന്ദീപ്(23), ഇലന്തൂർ മുന്നവിമംഗലം ആരോമൽ (23) എന്നിവരെ ആണ് റിമാൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ വധശ്രമം, തട്ടികൊണ്ട് പോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം നടന്നത്.
സന്ദീപും ആരോമലും ഇതിൽ ഒരാളുടെ ഭാര്യയും പയ്യനാമണ്ണിൽ എത്തി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയുടെ സഹോദരനെ വിളിക്കുകയും നിനക്ക് പേടിയാണെങ്കിൽ സഹോദരിയെ കൂട്ടി കാറിനടുത്തേക്ക് വരുവാനും ആവശ്യപ്പെട്ടു. ഇത് കേട്ട് ഇവർ കാറിനടുത്ത് എത്തിയപ്പോൾ കാറിൽ ഇരുന്നതിൽ ഒരാൾ പെൺകുട്ടിയെ വലിച്ചു കാറിലേക്ക് കയറ്റി. ഈ സമയം കൂടെയുള്ള ആൾ കാർ മുന്നോട്ട് ഓടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ സഹോദരൻ കാറിന് മുന്നിൽ എത്തി വാഹനം തടയാൻ ശ്രമിച്ചപ്പോൾ 25 മീറ്ററോളം സഹോദരനെ വലിച്ചിഴച്ചു കൊണ്ടു പോയി. ഈ സമയം ഈ വഴി വന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കാർ തടയുകയും പോലീസിനെ വിളിച്ച് വരുത്തുകയും ആയിരുന്നു. തുടർന്ന് പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. വാടകക്ക് എടുത്ത കാറാണ് പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ചത്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.