അരീക്കോട് : അരീക്കോട് ടൗണിൽനിന്ന് അരക്കോടി രൂപയോളം വിലവരുന്ന 730 എൽ.എസ്.ഡി. സ്റ്റാമ്പുകൾ സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്ക്വാഡ് പിടികൂടി. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കീഴുപറമ്പ് വില്ലേജിലെ വാലില്ലാപ്പുഴ കൃഷ്ണ ഹൗസിൽ ബി.ഫാം. വിദ്യാർഥി രാഹുൽ (22), കോഴിക്കോട് ജില്ലയിലെ കക്കാട് വില്ലേജിൽ എള്ളങ്ങൽ ശിവതീർത്ഥം വീട്ടിൽ ബി.ടെക്. വിദ്യാർഥി ദീപക് (22) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടി.
അരീക്കോട്ടെ പോസ്റ്റോഫീസ് റോഡിലുള്ള സ്വകാര്യ കൂറിയർ സ്ഥാപനത്തിൽ പാർസൽ സ്വീകരിക്കാൻ എത്തിയതാണ് ഇവര്‍. പാർസൽ സ്വീകരിച്ച് പുറത്തിറങ്ങിയ ഇവരെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. സ്ക്വാഡ് തലവനും സംസ്ഥാന എക്സൈസ് കമ്മീഷണറുമായ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂറിയർ സ്ഥാപനം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദാലി, എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, സുബിൻ, ആർ. രജിത്ത് നായർ, ഡ്രൈവർമാരായ രാജീവ്, വിനോജ് ഖാൻ എന്നിവരും മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവന്‍റിവ് ഓഫീസർമാരായ ആർ.പി. സുരേഷ് ബാബു, എ.പി. ഉമ്മർകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ റഷീദ്, സി.ടി. അക്ഷയ്, കെ. സബീർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികളെ ഞായറാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.