തിരൂർ: മലപ്പുറം തിരൂരങ്ങാടിയിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല(24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു(30) എന്നിവരെയാണ് തിരൂരങ്ങാടി പിടികൂടിയത്. പെരുവള്ളൂർ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് നടപടി. യുവാവിന്റെ സ്ഥാപനത്തിൽ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഈ പരിചയത്തിൽ യുവാവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്‌തെന്നാണ് പോലീസ് നൽകുന്ന വിവരം. പിന്നീട് ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് പ്രതിക്ക് 50,000 രൂപ നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടർന്നതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാക്കി തുക നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ വലയിലാക്കിയത്. ബി.ഡി.എസ് വിദ്യാർത്ഥിനിയാണെന്നാണു യുവതി നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.