പത്തനംതിട്ട : റാന്നി പെരുനാട്ടില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. പേഴുംപാറ സ്വദേശി ഷാരോണ്‍ (15), മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് (16) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെ ഇവരെ അത്തിക്കയത്തു നിന്നുമാണ് കാണാതായത്. രണ്ടുപേരുടെയും മാതാപിതാക്കള്‍ വിദേശത്താണ്. മൈലപ്രാ എസ്.എച്ച് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ പേഴുംപാറ പെരുമ്പ്രകുഴിയില്‍ വീട്ടില്‍ മഹാലിംഗത്തിന്റെ മകനാണ്. പത്തനംതിട്ട പുത്തന്‍പീടികയിലുള്ള ബന്ധു വീട്ടില്‍ നിന്നാണ് ഷാരോണ്‍ പഠിക്കുന്നത്. സംഭവത്തില്‍ പെരുനാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടെന്നുപറഞ്ഞ് പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നും ശനിയാഴ്ച രാവിലെ ഇറങ്ങിയ ഷാരോണ്‍ അത്തിക്കയത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്കാണ് പോയത്. കൂടെ മലയാലപ്പുഴ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും വടശ്ശേരിക്കര സ്വദേശിയായ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. സന്ധ്യയായിട്ടും കൂട്ടുകാരന്റെ വീട്ടില്‍ നിന്നും തിരികെപോകാതെ അവിടെ രാത്രി തങ്ങുവാന്‍ ഇവര്‍ പദ്ധതിയിട്ടു. എന്നാല്‍ അവിടെ തങ്ങുവാന്‍ കൂട്ടുകാരന്റെ അമ്മ സമ്മതിച്ചില്ല. വണ്ടിക്കൂലിക്ക് പണവും കൊടുത്ത് വൈകുന്നേരം ആറുമണിയോടെ മൂന്നുപേരെയും അവര്‍ വീടുകളിലേക്കു പറഞ്ഞുവിട്ടു. ഇതില്‍ വടശ്ശേരിക്കര സ്വദേശി ഏഴു മണിയോടെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ മറ്റു രണ്ടുപേരും അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിട്ടില്ല.
ഷാരോണ്‍ നീല ടി ഷർട്ടും നീല ജീൻസുമാണ് ധരിച്ചിട്ടുള്ളത്. വെളുത്ത നിറം 5 അടി ഉയരം. കയ്യിൽ ഒരു ബാഗ് ഉണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പെരുനാട് പോലീസുമായി ബന്ധപ്പെടുക. പോലീസ് സ്റ്റേഷന്‍ – 04735 240211, സി.ഐ 94979 08448, കൂടാതെ ഈ നമ്പറുകളിലും ബന്ധപ്പെടാം 94979 87056, 94979 80239.