ഇലക്ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) നിരത്തുകൾ നിറയുമ്പോൾ വിപണിയിൽ നിന്നും പണം വാരുന്നത് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. ഇതിൽ തലതൊട്ടപ്പനായി ഓല (Ola) അരങ്ങുവാഴുമ്പോൾ പിന്നാലെ ഏഥറും (Ather) ഹീറോയുമെല്ലാം (Hero) തൊട്ടുപിറകെയുണ്ട്. എന്നാലും തങ്ങളുടെ നില കൂടുതൽ മെച്ചപ്പെടുത്തി ഓല ചീറിപ്പായുകയാണെന്നു വേണം പറയാൻ. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും വാഹന നിർമാണത്തിലേക്ക് എത്തിയപ്പോൾ ഇത്രവേഗം വിപണി കീഴടക്കാനാവുമെന്ന് ഓല പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഇപ്പോഴിതാ എതിരാളികൾക്കെല്ലാം മുമ്പേ ഓടാനായി തങ്ങളുടെ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പർച്ചേസ് വിൻഡോ തുടങ്ങിയിരിക്കുകയാണ് കമ്പനി. ഇതാരംഭിച്ച് ഇവി വാങ്ങാനായി ആളുകൾ ഇരച്ചെത്തുകയാണ് ഇപ്പോൾ.
കഴിഞ്ഞ വർഷം അവതരിപ്പിച്ച S1 എയറിനെയും കാത്ത് ധാരാളം ആളുകളാണുണ്ടായിരുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്. ഇതിനകം തന്നെ 3,000 ഓർഡറുകൾ വാഹനത്തിനായി ലഭിച്ചുവെന്നാണ് സിഇഒ ഭവിഷ് അഗർവാൾ വ്യക്തമാക്കിയിരിക്കുന്നത്. പർച്ചേസ് വിൻഡോ ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകൾക്കുള്ളിലാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള ഓലയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറാണ് S1 എയർ എന്നതു തന്നെയാവാം ഇവി വാങ്ങാൻ ഇത്രയും പേർ ഇരച്ചെത്തുന്നത്. 2023 ജൂലായ് 28-ന് മുമ്പ് വാങ്ങുന്നവർക്ക് ആമുഖ വിലയായ 1.09 ലക്ഷം രൂപയ്ക്ക് പുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവും. ഇതിനു ശേഷം വില 10,000 രൂപ കൂടി 1.19 ലക്ഷമാവും S1 എയറിന്റെ വില. 125 കി.മീ റേഞ്ചും 90 കി.മീ / മണിക്കൂർ ടോപ് സ്പീഡും ഉള്ള 3 kWh ബാറ്ററി മോഡലാണിത്. പ്രധാന എതിരാളിയായ ഏഥർ 450S പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഓല S1 എയർ അതിന്റെ ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡും നിലനിർത്തിയിട്ടുണ്ടെന്നതും സ്വീകാര്യമായ കാരണമാണ്. മൂന്ന് റൈഡ് മോഡുകൾ, അഞ്ച് മണിക്കൂർ ചാർജിംഗ് സമയം, ഫുൾ-എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്ന ഫീച്ചറുകൾ.
S1, S1 പ്രോ എന്നിവയിൽ ലഭ്യമായ പല മുൻനിര ഫീച്ചറുകളും ഒഴിവാക്കിയാണ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. പരമ്പരാഗതമായുള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പരമ്പരാഗത പിൻ ഡ്യൂവൽ ഷോക്ക് അബ്‌സോർബറുകൾ, ഡ്രം ബ്രേക്കുകൾ, വ്യത്യസ്ത ബാറ്ററി യൂണിറ്റ്, 4.5 kW ഉള്ള ഒരു പിൻ ഹബ് മോട്ടോർ എന്നിവയെല്ലാമാണ് ചിലവ് ചുരുക്കൽ നടപടിക്കായി ഓല ഇലക്ട്രിക് നടപ്പിലാക്കിയിരിക്കുന്നത്.
വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതാക്കാനായി S1 എയറിന് അലോയ് വീലുകളും ഒഴിവാക്കുകയുണ്ടായി. സ്റ്റെല്ലാർ ബ്ലൂ, നിയോൺ ഗ്രീൻ, പോർസലൈൻ വൈറ്റ്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് ഓല S1 എയർ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവുന്നത്. ഇനി പെർഫോമൻസിലേക്ക് നോക്കിയാൽ ഓല S1 എയറിന് 4.5 കിലോവാട്ട് പവർ ഔട്ട്പുട്ടാണ് പുറത്തെടുക്കാനാവുക. ഇവി സെഗ്മെന്റിൽ ഏഥർ 450S, ടിവിഎസ് ഐക്യൂബ് എന്നിവയോടാണ് പുതിയ ഓല S1 എയർ മാറ്റുരയ്ക്കുന്നത്. പുതിയ മോഡലിന്റെ വരവോടെ ഇവി വിപണിയിൽ കൂടുതൽ വിഹിതം നേടാനാവുമെന്നാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. S1 എയര്‍ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷണം നടത്തിയതിന് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് എന്നതും ഏറെ രസകരമായ കാര്യമാണ്.
ഇതാദ്യമായാണ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇത്രയും ദീര്‍ഘമായ പരീക്ഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. എന്തായാലും S1 എയറും വിപണി പിടിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഓല തങ്ങളുടെ S1 ഇവിയെ വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ. നിർമാതാവ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറിനെ പിൻവലിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അതായാത് ഇനി മുതൽ S1 എയർ, S1 പ്രോ എന്നീ രണ്ട് മോഡലുകളിൽ മാത്രമേ ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാനാവൂവെന്ന് സാരം. തുടക്കത്തിൽ വിൽപ്പനയും സർവീസിംഗുമെല്ലാം ഓൺലൈനായാണ് ആരംഭിച്ചിരുന്നതെങ്കിലും പതിയ പരമ്പരാഗതമായ ശൈലിയിലേക്ക് ഇറങ്ങി എക്‌സ്പീരിയന്‍സ് സെന്ററുകൾ കൂടി തുടങ്ങാൻ കമ്പനി തീരുമാനിച്ചതും മികച്ചൊരു തീരുമാനമാിരുന്നു. ഇതോടെ വിൽപ്പന ഇരട്ടിയാവുകയും ചെയ്‌തു.