പെർഫക്‌ടായ ക്ലാസിക് റെട്രോ മോട്ടോർസൈക്കിളുകൾ തേടുന്നവരുടെ ഡ്രീം ഡെസ്റ്റിനേഷനാണ് റോയൽ എൻഫീൽഡ്. ചെറിയ 350 സിസി മുതൽ 650 സിസി വിരാജിച്ച് കിടക്കുന്ന എൻഫീൽഡ് ബൈക്കുകളുടെ നിര ആരേയും മോഹിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ഒരേ എഞ്ചിനും പ്ലാറ്റ് ഫോമുമെല്ലാം പല മോഡലുകളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം വ്യത്യസ്‌തമാക്കു ന്നിടത്താണ് കമ്പനിയുടെ കഴിവ്. ഹോണ്ടക്കും ബജാജിനും ജാവക്കും യെസ്‌ഡിക്കും ശേഷം സാക്ഷാൽ ട്രയംഫും ഹാർലി ഡേവിഡ്‌സണും വരെ റോയൽ എൻഫീൽഡുമായി പോരാട്ടത്തിനിറങ്ങി. എന്നാൽ ഇവിടെയും തന്ത്രം മാറ്റി വെന്നിക്കൊടി പാറിക്കാൻ നമ്മുടെ ഇന്ത്യൻ ബ്രാൻഡിനായി.
പുത്തൻ മോട്ടോർസൈക്കിളുകളിലൂടെ എതിരാളികളെ തകർക്കുന്ന ടാടിക്‌സ് വിജയം കണ്ടുവെന്ന് വേണം പറയാൻ. ഹണ്ടർ 350 സ്വപ്‌ന വിജയം നേടിയപ്പോൾ പിന്നാലെ സൂപ്പർ മീറ്റിയോർ 650 വന്ന് വിസ്‌മയം തീർത്തു. ഇതിനുശേഷം അടുത്തിടെ പുതിയ ഹിമാലയൻ 450 പുറത്തിറക്കിക്കൊണ്ട് എൻഫീൽഡ് വീണ്ടും റോയലായി. ഇപ്പോഴിതാ പലരും കാത്തിരുന്ന ഷോട്ട്ഗൺ 650 പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ. കണ്ടാൽ ആർക്കായാലും വാങ്ങാൻ തോന്നുന്ന രൂപവും ഭാവവുമാണ് ഷോട്ട്ഗൺ 650-യുടെ പ്രത്യേകത. മോട്ടോവേഴ്‌സിൽ പ്രത്യക്ഷപ്പെട്ട സ്പെഷ്യൽ എഡിഷന് ശേഷമാണ് ഇപ്പോൾ ബൈക്ക് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ക്രൂയിസർ കിങായ സൂപ്പർ മീറ്റിയോറിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും കടമെടുത്താണ് ഷോട്ട്ഗണ്ണും പണിതിറക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് അടുത്ത വർഷം ആദ്യം മോഡലിനെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിലെത്തിക്കും.
ഇത് കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മീറ്റിയർ 650 എന്നിവക്കിടയിലാവും പുതിയ ഷോട്ട്ഗൺ സ്ഥാനം പിടിക്കുക. സ്റ്റെൻസിൽ വൈറ്റ്, പ്ലാസ്മ ബ്ലൂ, ഗ്രീൻ ഡ്രിൽ, ഷീറ്റ്മെറ്റൽ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 വാങ്ങാനാവും. മോട്ടോർസൈക്കിളിൽ 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീൽ സെറ്റപ്പാണ് കമ്പനി ഉപയോഗിക്കുക. കൂടാതെ ഫാക്ടറിയിൽ നിന്നുള്ള ട്യൂബ്‌ലെസ് ടയറുകളും ഹൈലൈറ്റാവും. റോയൽ എൻഫീൽഡ് അലോയ് വീലുകളുടെ ഡയമണ്ട് കട്ട് പതിപ്പ് ഔദ്യോഗിക ആക്സസറിയായി വിൽക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ക്ലാസിക് ടച്ചുണ്ടെങ്കിലും ആളൊരു മോഡേൺ ബൈക്കാണെന്നാണ് എൻഫീൽഡ് അവകാശപ്പെടുന്നത്. ഇതിനായി എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, റോയൽ എൻഫീൽഡ് വിംഗ്മാൻ സപ്പോർട്ട് എന്നിവയുമായാണ് ഷോട്ട്ഗൺ 650 ഒരുങ്ങിയിരിക്കുന്നത്.