ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇവികളില്‍ പ്രത്യേകിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. മെയിന്റനന്‍സ് കോസ്റ്റ് കുറവാണെന്നുള്ളതും വീട്ടില്‍ നിന്ന് തന്നെ ചാര്‍ജ് ചെയ്യാമെന്നുമുള്ള സൗകര്യങ്ങള്‍ കാരണമാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആരാധകരേറുന്നത്. ഇന്ന് ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് നിരവധി ഇന്ത്യന്‍ കമ്പനികള്‍ ശക്തമായ സാന്നിധ്യമായതിനാല്‍ വിലയുടെ കാര്യത്തിലും പേടിവേണ്ടേ വേണ്ട. ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇന്ന് മികച്ച ഇവികള്‍ സ്വന്തമാക്കാന്‍ സാധിക്കും. 1 ലക്ഷം രൂപ ബജറ്റില്‍ വീട്ടിലെത്തിക്കാവുന്ന 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇനി പരിചയപ്പെടുത്താന്‍ പോകുന്നത്.
ഏസര്‍ മുവി 125 4G : ഇബൈക്ക് ഗോയുടെയും ആഗോള ടെക്ഭീമനായ ഏസറിന്റെയും പങ്കാളിത്തത്തില്‍ പിറന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഏസര്‍ മുവി 125 4G. ഇബൈക്ക്‌ഗോയാണ് ഈ ഇവി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നത്. ടെക്‌നോളജിയിലുള്ള ഏസറിന്റെ പാരമ്പര്യവും ഇബൈക്ക്‌ഗോയുടെ ഇലക്ട്രിക് മൊബിലിറ്റിയിലെ വൈദഗ്ധ്യവും നമുക്ക് ഈ ഇ-സ്‌കൂട്ടറില്‍ കാണാന്‍ സാധിക്കും. പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. മാത്രമല്ല ഫുള്‍ ചാര്‍ജില്‍ പരമാവധി 80 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഇതിന് വാഗ്ദാനം ചെയ്യുന്നത്. സ്വാപ്പബിള്‍ ബാറ്ററിയും ഇതിന്റെ മറ്റൊരു ഹൈലൈറ്റാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസില്‍ പോകുന്നവര്‍ക്കും ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്‌കൂട്ടറാണിതെന്നാണ് അവകാശവാദം. 99,999 രൂപയാണ് ഇതിന്റെ വില.
ഓല S1X : ഐസിഇ സ്‌കൂട്ടറുകളുടെ അന്തകനെന്ന പേരില്‍ ഓഗസ്റ്റ് 15-ന് നടന്ന കസ്റ്റമര്‍ ഇവന്റിലാണ് ഓല ഇലക്ട്രിക് ഈ പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയത്. ഓല പുറത്തിറക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണിത്. മൂന്ന് വേരിയന്റുകളില്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാണ്. 151 കി.മീ റേഞ്ചും 90 കി.മീ ടോപ് സ്പീഡുമാണ് ഇതിന് കമ്പനി പറയുന്നത്. 89,999 രൂപ മുതല്‍ 1.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പോകുന്നത്.
ഒഖിനാവ പ്രെയ്‌സ്‌പ്രോ : ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഒഖിനാവ പ്രെയ്‌സ് പ്രോ. ഇതില്‍ സജ്ജീകരിച്ചിരിക്കുന്ന വേര്‍പെടുത്താനാകുന്ന 2.08 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 81 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. ഒപ്പം 56 kmph പരമാവധി വേഗതയുമുണ്ട്. നിരവധി നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ച ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 99,645 രൂപ എക്സ്ഷോറൂം വിലയില്‍ സ്വന്തമാക്കാം.
കൈനറ്റിക് ഗ്രീന്‍ സുലു: ഐതിഹാസിക ബ്രാന്‍ഡായ കൈനറ്റിക് സുലു എന്ന താങ്ങാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവന്ന് മടങ്ങിവരവ് ആഘോഷമാക്കിയിരുന്നു. ഫുള്‍ചാര്‍ജില്‍ ഇവി ഏകദേശം 104 കിലോമീറ്റര്‍ ഓടുമെന്നാണ് കൈനറ്റിക് ഗ്രീന്‍ പറയുന്നത്. സ്‌കൂട്ടര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുമെന്ന് അവതരണ വേളയില്‍ ബ്രാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ച കൈനറ്റിക് ഗ്രീന്‍ സുലുവിന് 94,990 രൂപയാണ് എക്സ് ഷോറൂം വിലയായി മുടക്കേണ്ടത്.
ഹീറോ ഇലക്ട്രിക് NYX: സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കുത്തൊഴുക്കിന് മുമ്പ് ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി ഭരിച്ചിരുന്ന ഹീറോ ഇലക്ട്രിക്കിന്റെ താങ്ങാനാകുന്ന വിലയിലുള്ള ഉല്‍പ്പന്നമാണ് ഹീറോ ഇലക്ട്രിക് NYX. 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇവിക്ക് മണിക്കൂറില്‍ 42 കി.മീ വേഗത കൈവരിക്കാനാകും. അര്‍ബന്‍ കസ്റ്റമേഴ്‌സിനെ പ്രധാനമായും ലക്ഷ്യം വെക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 73,590 മുതല്‍ 86540 രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് വില്‍പ്പനക്കെത്തിക്കുന്നത്.