തിരുവനന്തപുരം : ചാക്കയിൽ നാടോടിസംഘത്തിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കുഞ്ഞ് മരിച്ചുപോകാനുള്ള സാദ്ധ്യതയുണ്ടായിരുന്നുവെന്ന ഗുരുതരമായ വിലയിരുത്തലാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുഞ്ഞിന് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.പ്രതി ഹസൻകുട്ടിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. കരഞ്ഞ് ഒച്ചവെച്ച കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപ്പിടിച്ചതിനാൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു
എന്നതിലാണ് പ്രതിക്കെതിരേ വധശ്രമക്കുറ്റംകൂടി ചുമത്തിയത്. നിർജലീകരണം കാരണം കുട്ടിയുടെ ശരീരത്തിൽ ക്രിയാറ്റിൻ, യൂറിയ ലെവൽ കൂടിയിരുന്നതിനാൽ കുട്ടിയുടെ വൃക്കയ്ക്കു തകരാർ സംഭവിച്ച് മരിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെടുമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുഞ്ഞിനെ കുറ്റിക്കാട്ടിലെ ഓടയിൽ ഉപേക്ഷിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.