ആലപ്പുഴ: വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എംഎല്‍എ യു.പ്രതിഭയെ പിന്തുണയ്ക്കാതെ സിപിഎം. പോസ്റ്റിന്റെ സാഹചര്യം അറിയില്ല. വിവാദപോസ്റ്റുകള്‍ പാടില്ലെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്തതായി പോലീസിനു പരാതി നല്‍കിയതായി പാര്‍ട്ടിക്ക് അറിവില്ല.
കായംകുളത്ത് ഒരു ചതിയും നടന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഫേസ്ബുക്കില്‍ യു പ്രതിഭ എംഎല്‍എ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ മന്ത്രി ജി സുധാകരനെതിരെയാണ് പോസ്റ്റെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. എന്നാല്‍ കമന്റുകളും ആരോപണങ്ങളും നിറഞ്ഞതോടെ എംഎല്‍എ മിനുറ്റുകള്‍ക്കകം പോസ്റ്റ് മുക്കിയിരുന്നു. തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു എംഎല്‍യുടെ പ്രതികരണം.