തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ വിവാദങ്ങള്‍ക്കിടെ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് പരാതി. ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്വര്‍ണം പിടികൂടിയ ദിവസം ജയ്ഘോഷിനെ കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണില്‍ വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഘോഷിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയെടുത്തിരിക്കാമെന്ന സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്.
അറ്റാഷേ ഇന്ത്യ വിട്ടതിന് ശേഷം ഗണ്‍മാന്‍ ജയഘോഷ് തോക്ക് തിരികെ ഏ ആര്‍ ക്യാമ്പില്‍ ഏല്‍പ്പിച്ചിരുന്നില്ല. പോലീസ് സംഘം ജയഘോഷിന്റെ വീട്ടിലെത്തി തോക്ക് തിരികെ വാങ്ങുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാനായി എന്‍ഐഎയും കസ്റ്റംസും അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് അറ്റാഷേ ന്യൂഡല്‍ഹി വഴി യുഎഇയിലേക്ക് തിരിച്ചുപോയത്
വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ജയ്ഘോഷ് വ്യാഴാഴ്ച വൈകിട്ടോടെ ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലാക്കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. നയതന്ത്ര പാഴ്സല്‍ വഴിയെത്തിയ സ്വര്‍ണം പിടിച്ച ദിവസമടക്കം പ്രതി സ്വപ്ന നിരവധി തവണ ജയഘോഷിനെ വിളിച്ചിരുന്നു. ജൂലൈ 3,4,5 തീയതികളിലാണ് ജയഘോഷിനെ സ്വപ്ന പലതവണ വിളിച്ചത്.