കൊച്ചി: യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. ദുബായ് കെഎംസിസിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്ന് നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇതുവരെ മാതൃകാപരമാണ്.
ലോക രാഷ്ട്രങ്ങള്‍ അത് അംഗീകരിച്ചതുമാണ്. എന്നാല്‍ മടങ്ങിയെത്തുന്നവരില്‍ ഒരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടായാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വെറുതെയാകും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ എല്ലാവരെയും മടക്കികൊണ്ടുവരാനല്ല, വിസിറ്റിംഗ് വിസയില്‍ എത്തി കുടുങ്ങിപ്പോയവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലെത്തിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
ഗള്‍ഫില്‍ എത്രപേര്‍ കുടുങ്ങി കിടക്കുന്നുവെന്ന് അറിയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗികള്‍, പ്രായമായവര്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍, പൂര്‍ണഗര്‍ഭിണികള്‍ എന്നിവരെ ചാര്‍ട്ടേഡ് വിമാനം വഴി തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.