അബുദാബി: കൊറോണ പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്‌സിൻ അയയ്ക്കാൻ പദ്ധതിയുമായി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായാണ് രാജ്യത്തിനകത്തും മറ്റ് രാജ്യങ്ങളിലേക്കും വാക്‌സിൻ വിതരണം ചെയ്യുന്ന പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിട്ടു. കൊറോണ പ്രതിരോധത്തിനായി മറ്റ് രാജ്യങ്ങളിലേക്കും അവിടങ്ങളിലെ ടാർഗെറ്റ് ഗ്രൂപ്പുകൾക്കുമായി തമൂഹ് വാക്‌സിനുകൾ നൽകും. ഓരോ രാജ്യങ്ങളിലെയും അധികൃതരുമായി സഹകരിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് വാക്‌സിൻ അത്യാവശ്യമായ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.
വാക്‌സിൻ വിതരണം സുഗമമാക്കാൻ രൂപീകരിച്ച ഹോപ് കൺസോർഷ്യം വ്യത്യസ്ത വാക്‌സിനുകൾ യുഎഇയിലെത്തിച്ച് സംഭരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഞ്ച് മണിക്കൂറിനുള്ളിൽ എത്തിക്കും. ഓരോ രാജ്യത്തിന്റെയും ആവശ്യം അനുസരിച്ചാണ് വാക്‌സിൻ ലഭ്യമാക്കുക.
ഹയാത്ത് വാക്‌സിൻ എന്ന പേരിൽ സിനോഫാം വാക്‌സിൻ യുഎഇയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച് തുടങ്ങിയിരുന്നു. 800 കോടി വാക്‌സിൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ച് വെക്കാനുള്ള ശീതീകരണ സംവിധാനങ്ങളും യുഎഇയിലുണ്ട്.