അബുദാബി : ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ജലക്ഷാമം പരിഹരിക്കാൻ മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് എന്നപേരിൽ യു.എ.ഇ.യിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് സംരംഭത്തിന് തുടക്കമിട്ടത്. ലോകമെമ്പാടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലക്ഷാമം കുറയ്ക്കാനുള്ള സാങ്കേതികപരിഹാരങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം.
ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കും. ജലക്ഷാമം നേരിടാനുള്ള നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ അവ ഉപയോഗിക്കാനും ആഗോള സഹകരണം ശക്തിപ്പെടുത്താനും സംരംഭം ശ്രമിക്കും. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആയിരിക്കും പദ്ധതിയുടെ ചെയർമാൻ. വൈസ് ചെയർമാനായി എക്സിക്യുട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറകിനെയും നിയമിച്ചു.