ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വിവിധ രാഷ്ട്രനേതാക്കളും സ്വദേശികളും വിദേശികളും പിറന്നാൾ ആശംസകൾ നേർന്നു. മാർച്ച് 11-ന് അദ്ദേഹത്തിന് 63 വയസ്സ് തികഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രസേവനത്തിനുശേഷം രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റിട്ടും സാധാരണക്കാരായ ജനങ്ങൾക്കിടയിൽനിന്ന് അദ്ദേഹം പിന്നോട്ടുപോയില്ല. പൗരൻമാരോടും പ്രവാസികളോടും ഏറെ അനുകമ്പയോടെയും സ്നേഹത്തോടെയും വർത്തിക്കുന്ന രാഷ്ട്രത്തലവൻ കൂടിയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ലോകത്തിലേറ്റവും സമാധാനം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇരുന്നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന ഇടമായിട്ടുകൂടി എങ്ങനെയാണ് അതിക്രമങ്ങളുടെയും അസഹിഷ്ണുതയുടെയും കണക്കുകൾ വിവരിക്കുന്ന പട്ടികയിൽ ഏറ്റവുമൊടുവിലായി മാത്രം യു.എ.ഇ.ക്ക് ഇടം നേടാനാകുന്നത്. അതിന്റെ ഉത്തരം വളരെ ലളിതമാണ്. എല്ലാവർക്കും അവരവരായിത്തന്നെ നിലകൊള്ളാനുള്ള മത,രാഷ്ട്രീയ, സാമൂഹിക സാഹചര്യം ഈ നാട് ഉറപ്പാക്കുന്നു. അതിന് മുന്നിൽനിന്ന് നയിക്കുന്നയാളാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.