കാഞ്ഞിരപ്പള്ളി : യു ഡി എഫിൽ നിന്ന് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയതിൽ കെ എം മാണിയോട് അടുത്തു നിന്നിരുന്ന സഭാ – സമുദായ നേതാക്കൾക്ക് അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും ഇപ്പോൾ ഇടതുമുന്നണിയോട് അടുക്കുന്ന ജോസ് കെ മാണിക്ക് പ്രതീക്ഷിച്ചതിലും അധികം പിന്തുണയാണ് സഭാ – സമുദായ നേതാക്കളിൽ നിന്നുണ്ടാകുന്നത് .
വടക്കൻ മലബാറിൽ മുസ്ലിം ലീഗ് ഉള്ളതുകൊണ്ടു മാത്രം യു ഡി എഫായും മധ്യതിരുവിതാംകൂറിലും തെക്കൻ മേഖലയിലും തനിച്ച് മൽസരിക്കുന്ന സ്ഥിതിവിശേഷമാണ് കോൺഗ്രസിനുണ്ടായിരിക്കുന്നത്. മറ്റു ഘടകകക്ഷികൾക്ക് ചില നിയോജക മണ്ഡലങ്ങളിൽ മാത്രമേ സ്വാധീനം ഉള്ളൂവെന്നുള്ളതാണ് കാരണം. തമ്മിലടിയും ഗ്രൂപ്പുകളിയും മൂലം വലയുന്ന കോൺഗ്രസിന് മധ്യതിരുവിതാംകൂറ് പിടിച്ചാലേ ഭരണത്തിലേക്കുള്ള വഴി സുഗമമാകുകയുള്ളു. ജോസ് കെ മാണിയെ മുന്നണിയിൽ നിന്ന് പുറത്താക്കിയതോടെ സ്വയം കുഴിതോണ്ടിയ അവസ്ഥയിലാണ് യു ഡി എഫ്. കുഞ്ഞാലിക്കുട്ടിയുടെയോ മുസ്ലിം ലീഗിന്റെയോ ചെറിയ സമ്മർദ്ദം താങ്ങാനുള്ള ശേഷി കോൺഗ്രസിന് ഇക്കാര്യങ്ങൾ കൊണ്ട് നഷ്ടപ്പെട്ടു എന്നുള്ളതാണ് ശരി. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയതിൽ കോൺഗ്രസിലെ ചില നേതാക്കൾ ബെന്നി ബഹനാന്റെ വാക്കു പിഴയെന്ന് പുറമേ പറയുന്നുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അനുവാദമുണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്.
കെ എം മാണിക്ക് ശേഷം ഈ പാർട്ടിയെ ഇല്ലാതാക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. അത് പാളിയെന്ന് മാത്രമല്ല സഭാ – സമുദായ നേതാക്കളുടെ ആശീർവ്വാദം പുതിയ നീക്കത്തിനുണ്ടെന്നുള്ളതും യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നു.