കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതുള്‍പ്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ജോസ് കെ മാണി ഇടത് ക്യാമ്പിലെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടും യുഡിഎഫില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും.
നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൊച്ചിയില്‍ ഇന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകള്‍ തര്‍ക്കങ്ങളില്ലാതെ എത് രീതിയില്‍ വിവിധ ഘടകകക്ഷികള്‍ക്ക് നല്‍കണമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി ഉയര്‍ന്ന് വന്നേക്കും.
ഒപ്പമുണ്ടായിരുന്ന ജോസ് കെ മാണി ഇടത് ക്യാമ്പിലേക്ക് പോയത് മുന്നണിയെ ബാധിക്കില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമെന്ന വിലയിരുത്തലാണ് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. അതിനിടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം വിവാദമായത്.