തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ െഎശ്വര്യകേരളയാത്ര സമാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും സജീവമാക്കി കോണ്‍ഗ്രസും യുഡിഎഫും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. വിവാദങ്ങള്‍ കൂടുതല്‍ സജീവമാക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗുമായുള്ള സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്ന് സീറ്റ് അധികമായി നല്‍കാനാണ് പ്രാഥമിക ധാരണ. കൊല്ലത്തെ ഇരവിപുരം ആര്‍എസ്പി വിട്ടുകൊടുക്കുന്നില്ലെങ്കില്‍ പകരം ചടയമംഗലം, കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റ് കൂടാതെ കൂത്തുപറമ്പും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ കടുംപിടുത്തത്തിന് നിന്നു കൊടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചുകഴിഞ്ഞു. പരമാവധി ഏഴ് സീറ്റ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ തുടങ്ങിയ ചില സീറ്റുകള്‍ക്ക് ജോസഫ് അവകാശ വാദം ഉന്നയിക്കുന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുൻപ് മാണി സി.കാപ്പന്‍ എംഎൽഎ യുഡിഎഫിലാണോ കോണ്‍ഗ്രസിലാണോയെന്ന് ഉറപ്പാക്കണം. കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന പിടിവാശിയിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അതല്ല പരമാവധി ആളുകളെ യുഡിഎഫിലേക്ക് എത്തിച്ച് എന്‍സിപിയെ ദുര്‍ബലമാക്കണമെന്നാണ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ നിലപാട്. പക്ഷേ ഒരു സീറ്റില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും തിരഞ്ഞെടുപ്പ് വരെ സജീവമായി നിലനിര്‍ത്താനാണ് യുഡിഎഫിന്റ തീരുമാനം. ഇതിനുള്ള മാര്‍ഗങ്ങളും അടുത്ത ദിവസത്തെ യോഗം തീരുമാനിക്കും.