കണ്ണൂർ : കോണ്‍ഗ്രസ് എം പി എം കെ രാഘവനെതിരെ പരസ്യ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്ന് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ. പരാതിയുണ്ടെങ്കിൽ ഉന്നയിക്കാം. അത് പ്രക്ഷോഭത്തിലേക്കോ പ്രകടനത്തിലേക്കോ പോകാതെ തന്നെ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാഘവന്റെ കോലം കത്തിച്ചടക്കമുള്ള പ്രതിഷേധങ്ങൾ അതിരുകടന്നതാണെന്നും എം എം ഹസ്സൻ പറഞ്ഞു. ഉപസമിതി രൂപീകരിച്ചത് നേരത്തെ ആവാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർഹതയുള്ളവർക്ക് ജോലി നൽകും. ഈ വിഷയത്തിൽ പ്രവർത്തകർക്കുള്ള പരാതി പരിശോധിച്ച് നടപടി ഉണ്ടാക്കാമെന്ന് കെപിസിസി ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.