തിരുവനന്തപുരം: മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ തുടര്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ്. ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഏതു പദവിയാകും നല്‍കുക എന്ന ചോദ്യം പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ സജീവ ചര്‍ച്ചയാണ്. അതു കൊണ്ടു തന്നെ ഭരണപരിഷ്‌കാര കമ്മീഷന്‍ ഇക്കുറി ഉണ്ടാക്കില്ല. പകരം ഒന്നാം യുപിഎ സര്‍ക്കാര്‍ മോഡലില്‍ സര്‍ക്കാരിനെ നയപരമായ കാര്യങ്ങളില്‍ ഉപദേശിക്കാന്‍ പ്രത്യേക സമിതിയാകും വരിക. ക്യാബിനറ്റ് പദവിയില്‍ ഈ ഉപദേശക സമിതിയുടെ അധ്യക്ഷനാകും ഉമ്മന്‍ ചാണ്ടി.
ഉമ്മന്‍ ചാണ്ടിയുടെ ഭരണമികവും കഴിവും പ്രാപ്തിയും പരമാവധി പ്രയോജനപ്പെടുത്താനാണ് ചെന്നിത്തലയും ആഗ്രഹിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് പുറമെ ഈ സമിതിയില്‍ 2 മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടാകും. മുന്‍ നെതര്‍ലാന്റ് അംബാസിഡര്‍ വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
കോണ്‍ഗ്രസില്‍ നിന്നും ഒരു മുതിര്‍ന്ന നേതാവും ഉപദേശ സമിതിയില്‍ ഉണ്ടാകും. മൂന്നംഗ സമിതിയാകും ഇത്. ഇതിനു പുറമെ സിഎംപി നേതാവ് സിപി ജോണ്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആകും. ഇത്തരത്തിലുള്ള ആലോചനകളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സജീവമായുള്ളത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന ഫോര്‍വേഡ് ബ്ലോക് നേതാവ് ജി ദേവരാജനും ഭരണത്തില്‍ പ്രധാന സ്ഥാനം നല്‍കും.