തൃശൂർ : ജില്ലയിൽ എൽഡിഎഫും എൻഡിഎയും തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിൽ തർക്കം തുടരുന്നു. തൃശൂർ കോർപറേഷനിലെ മൂന്നു സീറ്റുകളിൽ തർക്കം രൂക്ഷമായതോടെ അന്തിമതീരുമാനം കെപിസിസിക്കു വിട്ടു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തൂത്തുവാരിയ ജില്ലയാണു തൃശൂർ. ആ വിജയം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുനേതാക്കൾ. കോർപറേഷനിൽ 38 സീറ്റുകളിൽ സിപിഎം മത്സരിക്കും. ഇതിൽ ഏഴു പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്.
ജില്ലാ പഞ്ചായത്തിൽ 16 സീറ്റുകളിൽ സിപിഎം മത്സരിക്കും. പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും വനിതകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് പട്ടിക. അതേസമയം കോൺഗ്രസിലാകട്ടെ സീറ്റുകളെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. തൃശൂർ കോർപറേഷനിലെ സീറ്റ് പ്രഖ്യാപനവും വൈകുകയാണ്. കിഴക്കുംപാട്ടുകര, ഗാന്ധിനഗർ, നെട്ടിശേരി ഡിവിഷനുകളിലാണു തർക്കം. എ ഗ്രൂപ്പിന്റെ സീറ്റുകളാണിത്. തർക്കം തീരാതെ വന്നതോടെ അന്തിമ തീരുമാനം കെപിസിസിക്കു വിട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ സീറ്റുപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.